85th എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
85th എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഏപ്രിൽ 29, ഞായറാഴ്‌ച

അണ്ണാറകണ്ണനും തന്നാലായത് (മുടി സമ്മേളനം x സമസ്ത മഹാ സമ്മേളനം)

സമസ്ത വാര്‍ഷികം നടന്നത് കൂരിയാട്‌ ദേശീയ പാത 17 നു ഇരുവശവുമുള്ള 37 ഏക്കര്‍ വിസ്തൃതിയുള്ള പാടത്ത്‌. സമ്മേളന വേദിയും കവിഞ്ഞു കിലോമീറ്ററുകളോളം ദേശീയ പാതയില്‍ ഇരു വശത്തേക്കും തടിച്ചു കൂടിയ ജനസാഗരം സമ്മേളന വേദിയില്‍ പോലുമെത്താനാകാതെ ഞെരുങ്ങി നിന്നു. കഷ്ടിച്ച് രണ്ട് ഏക്കര്‍ വിസ്തൃതിയുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടത്തുന്ന മുടി സമ്മേളനത്തെ സമസ്ത സമ്മേളനവുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കരുത് 

2012 ഫെബ്രുവരി 28, ചൊവ്വാഴ്ച

സത്യ സാക്ഷികളായി ജന സാഗരം! സമസ്ത സമ്മേളനത്തിന് ഉജ്വല സമാപനം




സമ്മേളന നഗരിയിലേക്ക് വിശ്വാസിലക്ഷങ്ങള്‍ നിറഞ്ഞൊഴുകി




വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിനു ലക്ഷക്കണക്കിന് ശുഭ വസ്ത്രാധാരികള്‍ ജനസാഗരം തീര്‍ത്തതായി പ്രമുഖ പത്രങ്ങളെല്ലാം വിലയിരുത്തി. കേരളത്തിലെ മുഴുവന്‍ പത്രങ്ങളും വന്‍ പ്രാധാന്യപൂര്‍വമാണ് സമസ്ത സമ്മേളന പരിപാടികള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.
രാവിലെ മുതല്‍ തന്നെ വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ബസ്സുകളിലും ചെറുവാഹനങ്ങളിലുമായി ഒഴുകിയെത്തി. നാലുമണി ആയപ്പോഴേക്കും വാഹനങ്ങളുടെ ബാഹുല്യവും ജനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കും കുന്നുംപുറം, വി.കെ.പടി, തലപ്പാറ, കൊളപ്പുറം, കക്കാട്, വേങ്ങര, വെന്നിയൂര്‍ ഭാഗങ്ങളെ വീര്‍പ്പുമുട്ടിച്ചു. പോലീസും സമ്മേളന വളണ്ടിയര്‍മാരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വാഹനക്കുരുക്ക് അഴിക്കുവാന്‍ പലപ്പോഴും പാടുപെട്ടു. വാഹനങ്ങളുടെ നീണ്ടനിരകള്‍ പോക്കറ്റ് റോഡുകളും തൊട്ടടുത്തുള്ള വീട്ടുവളപ്പുകളും കൈയടക്കി. വാഹനങ്ങളിലെത്തിയവര്‍ കിലോമീറ്ററുകള്‍ക്കപ്പുറം വണ്ടിനിര്‍ത്തി സമ്മേളന നഗരിയിലേക്ക് നടന്നെത്തുകയായിരുന്നു.

ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടത് യാത്രികരെയും വലച്ചു. കോട്ടയ്ക്കല്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മിക്കവയും തലപ്പാറനിന്ന് ചെമ്മാട് വഴിയാണ് പോയത്. വാഹനങ്ങള്‍ പലസ്ഥലങ്ങളിലും നിര്‍ത്തിയിട്ടതും വാഹനക്കുരുക്കിനിടയാക്കി.

സമ്മേളനനഗരിയില്‍ 20ന് ഒരുക്കിയ സാക്ഷ്യം എക്‌സിബിഷന്‍ കാണുവാന്‍ ആദ്യംമുതലേ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. മുഖ്യരക്ഷാധികാരിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തുടങ്ങിയ സമ്മേളനത്തില്‍ കൊടിമരജാഥകള്‍, ഖബര്‍ സിയാറത്ത്, പതാകജാഥ, പുസ്തക പ്രകാശനം, സുവനീര്‍, വിദ്യാഭ്യാസ ചര്‍ച്ചകള്‍, പലതരത്തിലുള്ള വിജ്ഞാനസദസ്സുകള്‍, ദിക്‌റ് ദുആ മജ്‌ലിസ്, ഉദ്‌ബോധന സമ്മേളനങ്ങള്‍, മഹല്ല് സംഗമം തുടങ്ങിയ വിഷയങ്ങളുമായി പണ്ഡിതരും പ്രവര്‍ത്തകരും ദിനരാത്രങ്ങളില്‍ ഒത്തുകൂടി. കമനീയമായി ഒരുക്കിയ ഓലപ്പന്തലിനുള്ളിലായിരുന്നു സമ്മേളനങ്ങള്‍. അതുകൊണ്ട് വിശ്വാസികള്‍ക്ക് ചൂടില്‍നിന്നും രക്ഷനേടാനായി. പ്രാഥമിക സൗകര്യത്തിനും നമസ്‌കരിക്കുന്നതിനും ഭക്ഷണം തുടങ്ങിയുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ഞായറാഴ്ച സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകര്‍ക്ക് എത്തുവാന്‍ ദേശീയപാതയില്‍ നിന്ന് നഗരിയിലേക്ക് പലകയടിച്ച് താത്കാലിക റോഡുണ്ടാക്കിയിരുന്നു.
വളണ്ടിയര്‍മാരുടെയും പ്രവര്‍ത്തകരുടെയും തദ്ദേശവാസികളുടെയും നിസ്സീമ സഹകരണവും ഒത്തുകൂടലും സമ്മേളന നടത്തിപ്പ് കുറ്റമറ്റതാക്കി.

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തില്‍ സംഘടനാ സെഷന്‍ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു


ചെമ്പരിക്ക ഖാസി സി.എം ഉസ്‌താദ്‌ കൊലപാതകം; അന്വേഷണം സി.ബി.ഐയുടെ പ്രത്യേക ടീമിനെ ഏല്‍പ്പിക്കണം : സമസ്‌ത


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : സമസ്‌ത കേന്ദ്ര മുശാവറ ഉപാധ്യാക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയു മായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം സി.ബി.ഐയുടെ പ്രത്യേക ടീമിനെ ഏല്‍പ്പിച്ച്‌ പുനരന്വേഷണം നടത്തണമെന്ന്‌ സമസ്‌ത 85ാം വാര്‍ഷിക മഹാ സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെട്ടു. 

കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ച ലോക്കല്‍ പോലീസിനെയും ക്രൈംബ്രാഞ്ചിനെയും സംരക്ഷിക്കുന്ന തലത്തിലുള്ള അന്വേഷണമാണ്‌ സി.ബി.ഐ ഇതുവരെ നടത്തിയത്‌ . കൊലപാതകത്തിന്റെ സാഹചര്യ തെളിവുകള്‍ ചൂണ്ടിക്കാട്ടിയിട്ടും സമ്മര്‍ദ്ധങ്ങള്‍ക്ക്‌ വഴങ്ങി അന്വേഷണം വഴിതിരിച്ചു വിട്ട്‌ അവസാനിപ്പിക്കാനുള്ള ശ്രമവും കൊപാതകം നടന്ന്‌ രണ്ടുവര്‍ഷമായിട്ടും പ്രതികളെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരാന്‍ സാധിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

സമസ്‌ത പ്രാമാണിക നിലപാടുള്ള പ്രസ്ഥാനം : സി.ഹംസ


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : സൂക്ഷ്‌മതയുടെ പര്യായങ്ങളായ മദ്‌ഹബിന്റെ ഇമാമുമാരുടെ ചിന്താ സരണിയാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പിന്തുടരുന്നതെന്നും സമസ്‌തയുടെ നിലപാടുകള്‍ക്ക്‌ പ്രമാണങ്ങളുടെയും യുക്തിയുടെയും പിന്‍ബലമുണ്ടെന്നും സി. ഹംസ പറഞ്ഞു. സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം `സ്‌മരണ' സെഷനില്‍ വിഷയമവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രവാചകരുടെ കാല ശേഷം ജീവിച്ച പ്രതിഭാധനരായ പൂര്‍വികരുടെ വഴികളില്‍ നിന്നും സമുദായം ക്രമേണ വ്യതിചലിക്കുകയാണ്‌ . അത്തരം മാറ്റങ്ങള്‍ക്കെതിരെ പണ്ഡിതന്‍മാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌ . ഖൂര്‍ആനെയും ഹദീസിനെയും യുക്തിയുടെ മാനദണ്ഡഡമുപയോഗിച്ച്‌ മനസിലാക്കുകയാണ്‌ പുത്തനാശയക്കാര്‍ ചെയ്‌തത്‌ . ഖുര്‍ആന്‍ ലളിതമാണെന്നാണ്‌ അവരുടെ ന്യായം. എന്നാല്‍ ഖുര്‍ആന്‍ അവതീര്‍ണ്ണമായ പശ്ചാത്തലത്തില്‍ മാത്രമേ ലളിതമായിട്ടുള്ളൂ. പില്‍കാലത്ത്‌ ഖുര്‍ആനികാശയങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അത്‌ ആഴത്തില്‍ അറിഞ്ഞ പൂര്‍വികരെ അനുധാവനം ചെയ്യുക തന്നെ വേണം. പാരമ്പര്യത്തിന്റ തനിമയില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും പുതിയ തലമുറ ഇസ്‌ലാമില്‍ നിന്നകലുന്നത്‌ ഇസ്‌ലാം ആസ്വാദ്യകരമായി അവതരിപ്പിക്കപ്പെടാത്തത്‌ കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
വാക്കോട്‌ മൊയ്‌തീന്‍ ഫൈസി ആമുഖ പ്രഭാഷണവും ജലീല്‍ ഫൈസി പുല്ലങ്കോട്‌ ഉദ്‌ഘാടനവും നിര്‍വഹിച്ചു. ടി.കെ മുഹമ്മദ്‌ കുട്ടി ഫൈസി, സി. ജെ.എസ്‌ ഫൈസി, സി. മമ്മുട്ടി എം.എല്‍.എ സംബന്ധിച്ചു.

മുടി വിവാദം; കാന്തപുരം ഒറ്റപ്പെട്ടു : ഹമീദ്‌ ഫൈസി അമ്പലക്കടവ്‌


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : വ്യാജ കേശവിവാദത്തോടെ ഒപ്പം നിന്നവരും കാന്തപുരത്തെ കൈയൊഴിഞ്ഞിരിക്കുകയാണെന്ന്‌ എസ്‌ .വൈ. എസ്‌ ജന.സെക്രട്ടറി അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ . സമസ്‌ത 85-ാം വാര്‍ഷികത്തിന്റെ ആദര്‍ശം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സമിതി അംഗം ടി.കെ ഹംസ ദേശാഭിമാനിയിലെഴുതിയ `മുടി വിവാദത്തിലെ രാഷ്‌ട്രീയം' എന്ന ലേഖനത്തെ പരാമര്‍ശിച്ചാണ്‌ ഫൈസി ഇങ്ങനെ പ്രതികരിച്ചത്‌ . താന്‍ പ്രഖ്യാപിത എ.പി സുന്നിയാണെന്ന്‌ പറഞ്ഞിരുന്ന ടി.കെ ഹംസ കാന്തപുരവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്‌ . എന്നാല്‍ മുടി വിവാദത്തിന്റെ പൊരുളറിഞ്ഞതോടെ അദ്ദേഹം നിലപാട്‌ മാറ്റുകയായിരുന്നു. തങ്ങള്‍ രാഷ്‌ട്രീയത്തില്‍ ഇടപെട്ടില്ലെന്ന കാന്തപുരത്തിന്റെ അവകാശവാദം കളവും മാന്യതക്ക്‌ നിരക്കാത്തതുമാണെന്ന്‌ ലേഖനത്തില്‍ പരാമര്‍ശമുണ്ട്‌ . തിരുകേശം കത്തില്ലെന്ന്‌ വാദമുണ്ടെങ്കില്‍ തന്ത്രപരമായി ഒഴിഞ്ഞുമാറാതെ മുടി കത്തിച്ച്‌ പരിശോധന നടത്താന്‍ തയ്യാറാവണമെന്ന ഹംസയുടെ നിര്‍ദ്ദേശത്തോട്‌ കാന്തപുരം പ്രതികരിക്കണമെന്ന്‌ ഫൈസി ആവശ്യപ്പെട്ടു.

ആദര്‍ശം സെഷനില്‍ സുന്നി ആചാരങ്ങള്‍ എന്ന വിഷയം സയ്യിദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ അവതരിപ്പിച്ചു. ദീനിന്റെ അടിസ്ഥാനം ബഹുമാനമാണെന്നും സുന്നികളുടെ മുഴുവന്‍ ആചാരങ്ങളും മുന്‍കാല പണ്ഡിതന്‍മാര്‍ ചെയ്‌തു പോന്നതാണെന്നും അദ്ദേഹം പറഞ്ഞു. എം.ടി അബൂബകര്‍ ദാരിമി തൗഹീദ്‌ എന്ന വിഷയം അവതരിപ്പിച്ചു. ഏകദൈവവിശ്വാസം ഇസ്‌ലാമിന്റെ മൗലിക തത്വമാണെന്നും ജമാഅത്തുകാരും മുജാഹിദുകളും യഥാര്‍ഥ തൗഹീദിനെ വികലമാക്കുന്ന നിലപാടാണ്‌ സ്വീകരിച്ചെതെന്നും അദ്ദേഹം പറഞ്ഞു. കെ.എ റഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു. 

ഇസ്‌ലാമിനെ പൊതുസമൂഹത്തില്‍ അവഹേളിച്ചവര്‍ മറുപടി പറയണം : അബ്‌ദുര്‍റഹ്‌മാന്‍ രണ്ടത്താണി


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : മതപരമായ കാര്യങ്ങള്‍ പരസ്‌പരവും പൊതുവേദികളിലും ചര്‍ച്ച ചെയ്‌തു കഴിഞ്ഞിട്ടും സത്യം അംഗീകരിക്കാതെ പൊതുസമൂഹത്തില്‍ ഇസ്‌ലാമും പ്രവാചകരും അവഹേളിക്കപ്പെടുന്ന സാഹചര്യം സൃഷ്‌ടിച്ചവര്‍ വ്യക്തമായ മറുപടി നല്‍കണമെന്ന്‌ അബ്‌ദുര്‍റഹ്‌മാന്‍ രണ്ടത്താണി എം. എല്‍ . എ ആവശ്യപ്പെട്ടു. സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനത്തിലെ സംഘടനാ സെഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിതന്മാരും രാഷ്‌ട്രീയ നേതൃത്വവും തമ്മിലുള്ള ക്രിയാത്മകമായ ബന്ധമാണ്‌ കേരള മുസ്‌ലിംകളുടെ ശക്തി. മുസ്‌ലിംകളുടെ അഭിമാനകരമായ അസ്‌തിത്വം നിലനില്‍ക്കാന്‍ ഇത്‌ തകരാതെ സംരക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌

കൈരളിയുടെ ഇസ്‌ലാമിക പൈതൃകം ഉയര്‍ത്തിപ്പിടിച്ച്‌ മലേഷ്യന്‍ പ്രതിനിധികള്‍


സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിനെത്തിയ മലേഷ്യന്‍ സംഘം സമസ്‌ത നേതാക്കള്‍ക്കൊപ്പം

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : കേരളീയ തനിമയും ഇസ്‌ലാമിക പൈതൃകവും ഉയര്‍ത്തിപ്പിടിച്ച്‌ മലേഷ്യന്‍ പ്രതിനിധികള്‍ സമ്മേളന നഗരിയിലെത്തി. ഹുസൈന്‍ ഹാജി ജുഹോര്‍ ബറുവിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം വരുന്ന നേതൃസംഘം ഇന്നലെ രാത്രിയോടെയാണ്‌ സമ്മേളനത്തില്‍ പങ്ക്‌ കൊള്ളാന്‍ കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലെത്തിയത്‌ . അമ്പത്തിനാല്‌ വര്‍ഷം മുമ്പ്‌ ആരംഭിച്ച മലബാര്‍ മുസ്‌ലിം ജമാഅത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ മൊയ്‌തീന്‍ ഹാജിയാണ്‌ . പ്രാരംഭ ഘട്ടം മുതലേ സമസ്‌തയുമായും കേരളത്തിലെ പണ്ഡിതരുമായും സുദൃഢമായ ആത്മബന്ധം നിലനിര്‍ത്തിപ്പോരുന്നു. സമസ്‌തയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായാണ്‌ ഇപ്പോള്‍ മലേഷ്യയില്‍ നടക്കുന്നതെന്നും നിലവില്‍ ജമാഅത്തിന്‌ കീഴിലുള്ള പതിനാറ്‌ മദ്രസകള്‍ സമസ്‌തയുടെ പാഠ്യപദ്ധതിയനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ജമാഅത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ കൂടിയായ ഹുസൈന്‍ ഹാജി ജുഹോര്‍ ബറു പറഞ്ഞു. മലേഷ്യയിലെ മലപ്പുറമാണ്‌ ജുഹോര്‍ ബറു. നഗരിയിലേക്ക്‌ വന്നപ്പോള്‍ ആദ്യത്തെ ദൃശ്യം തന്നെ എന്നെ തൊട്ടുണര്‍ത്തിയത്‌ ഹജ്ജ്‌ കാലത്തെ അറഫയുടെ ചിത്രവും ഭക്തിനിര്‍ഭരമായ അന്തരീക്ഷവുമാണ്‌. കുഞ്ഞുഹാജി ജോഹോര്‍ ബറു പറഞ്ഞു.
സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‌ കീഴില്‍ ആയിരത്തോളം മലേഷ്യന്‍ വിദ്യാര്‍ത്ഥികളാണ്‌ ഇപ്പോള്‍ മതവിദ്യ നുകര്‍ന്നുകൊണ്ടിരിക്കുന്നത്‌. മലേഷ്യന്‍ സര്‍ക്കാരിന്‌ കീഴില്‍ മത-ഭൗതിക പഠനത്തിനുള്ള പൂര്‍ണ സൗകര്യങ്ങളും സജ്ജീകരണങ്ങളുമുണ്ടായിട്ടും കൈരളിയുടെ തന്മയത്വവും മലയാളത്തിന്റെ ഭാഷാസൗന്ദര്യവും നിലനിര്‍ത്താന്‍ രാത്രിയടക്കം മൂന്ന്‌ ഷിഫ്‌റ്റുകളിലായാണ്‌ സമസ്‌തയുടെ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇര്‍ശാദിയ്യ മദ്രസ പ്രസിഡണ്ട്‌ യൂസുഫ്‌ ജോഹോര്‍ , റങ്കീര മദ്രസ വൈസ്‌ പ്രസിഡണ്ട്‌ സുലൈമാന്‍ ഹാജി, സൈദലവി ഹാജി സിങ്കപ്പൂര്‍ , ഉമര്‍ ബിന്‍ മൊയ്‌തീന്‍ തുടങ്ങിയവരാണ്‌ സംഘത്തെ നയിക്കുന്നത്‌ . സമ്മേളനം വീക്ഷിച്ച്‌ ആത്മനിര്‍വൃതി കൊള്ളാന്‍ മലേഷ്യ കൂടാതെ സഊദി അറേബ്യ, യു.എ.ഇ, ഈജിപ്‌ത്‌, സുഡാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ നിന്നും ലക്ഷദ്വീപ്‌, അന്തമാന്‍, കര്‍ണാടക, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ നഗരിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്‌ .

മതസംഘടനകള്‍ക്ക്‌ വാണിഭ സ്വഭാവം നല്ലതല്ല : സി. മമ്മുട്ടി എം.എല്‍ .എ


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : ഇസ്‌ലാമിക പാരമ്പര്യം പുതുതലമുറക്ക്‌ അതേപടി പകര്‍ന്നു നല്‍കാന്‍ സമസ്‌തക്ക്‌ മാത്രമേ സാധിക്കുന്നുള്ളൂവെന്ന്‌ സി. മമ്മുട്ടി എം.എല്‍ .എ. 
കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം `സ്‌മരണ' സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ്‌ പല സംഘടനകളുടെയും താല്‍പര്യം കച്ചവടമാണ്‌ . കച്ചവടക്കണ്ണോടെയാണ്‌ അവര്‍ പല കാര്യങ്ങളെയും സമീപിക്കുന്നത്‌. എന്നാല്‍ മതവിദ്യാഭ്യാസവും ശിക്ഷണവും നല്‍കി ഒരു സമുദായത്തെ മുഴുവന്‍ സംസ്‌കരിച്ചെടുത്ത പ്രസ്ഥാനമാണ്‌ സമസ്‌ത. വ്യവസ്ഥാപിതമായ മഹല്ല്‌ സമ്പ്രദായവും മദ്‌റസാ സംവിധാനവും സമസ്‌തക്ക്‌ മാത്രം അവകാശപ്പെട്ടതാണ്‌ .

അതീവ ഗുരുതരമായ സാമൂഹിക സാംസ്‌കാരിക പരിസരത്തിലൂടെയാണ്‌ വര്‍ത്തമാന കാലം മുന്നോട്ട്‌ പോവുന്നതെന്നും പണ്ഡിതന്‍മാര്‍ ഉണര്‍ന്ന്‌ ചിന്തിക്കുകയും പ്രവര്‍ത്തികുകയും ചെ.യ്യേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലെ കര്‍മ്മ സജ്ജരായ കേരള-ഇസ്‌ലാമിക്-ക്ലാസ്സ്‌--റൂം ലൈവ് ടീം അംഗങ്ങള്‍



സമസ്‌ത ഊതിയാല്‍ പറക്കുന്ന അപ്പൂപ്പന്‍ താടിയല്ല : സി.പി മുഹമ്മദ്‌ എം.എല്‍.എ

കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) സുഗന്ധം പ്രസരിക്കുന്ന പൂമരം പോലെയാണ്‌ സമസ്‌തയുടെ സാന്നിധ്യമെന്ന്‌ സി.പി. മുഹമ്മദ്‌ എം.എല്‍ .എ അഭിപ്രായപ്പെട്ടു. സമസ്‌ത വാര്‍ഷികത്തോടനുബന്ധിച്ച്‌ നടക്കുന്ന പ്രതിനിധി ക്യാമ്പിലെ നവോത്ഥാന സെഷനില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്‌ലിംകളുടെ നാനോന്മുഖ നേട്ടത്തിന്റെ പ്രധാന കാരണം സമസ്‌തയുടെ സാന്നിധ്യമാണ്‌. ലോകത്ത്‌ എവിടെയും മദ്രസാ പ്രസ്ഥാനമെന്ന ഒന്നില്ല. ഇന്ത്യയില്‍ കേരള മൊഴികെയുള്ള സംസ്ഥാനങ്ങളിലുമില്ല. മദ്രസാ പ്രസ്ഥാനത്തിലൂടെ സമുദായത്തിന്റെ അടിത്തട്ടിലേക്ക്‌ ആഴ്‌ന്നിറങ്ങിയ ഈ പ്രസ്ഥാനം ആരെങ്കിലും ഊതിയാല്‍ പറക്കുന്ന അപ്പൂപ്പന്‍ താടിയല്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍ .എ സംബന്ധിച്ചു.

സമസ്‌തയുടെ പണ്ഡിതന്‍മാര്‍ തട്ടിപ്പറിയാത്തവര്‍ : എം.ഐ. ഷാനവാസ്‌ എം.പി

കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) പൊതുസമൂഹത്തിനിടയില്‍ അവഹേളിക്കപ്പെടാത്ത വിധം ഇസ്‌ലാം കേരളത്തില്‍ പരിരക്ഷിക്കപ്പെട്ടുവെന്നതാണ്‌ സമസ്‌തയുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയെന്ന്‌ എം.ഐ ഷാനവാസ്‌ എം.പി അഭിപ്രായപ്പെട്ടു. 

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പഠന ക്യാമ്പില്‍ നവോത്ഥാനം സെഷനില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്‌തയുടെ പണ്ഡിതര്‍ സാത്വികരാണ്‌. തട്ടിപ്പും വെട്ടിപ്പും കുതുകാല്‍ വെട്ടും അവര്‍ക്കറിയില്ല. അവരുടെ പദങ്ങള്‍ പോലും പരിധി വിടാറില്ല. അനുഗ്രഹീതരായ ഈ പണ്ഡിത നേതൃത്വവും പാണക്കാട്‌ തറവാടും ഈ രാജ്യത്തിന്റെ വിളക്കാണ്‌-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാലമേല്‍പ്പിക്കുന്ന ഗൗരവമേറിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കലാണ്‌ മുസ്‌ലിം സമുദായത്തിന്റെ ബാധ്യത. ഈ കടമ നിര്‍വഹിക്കുന്നതില്‍ ജാഗ്രത കാണിക്കുകയാണ്‌ നമ്മുടെ ഉത്തരവാദിത്തം-ഷാനവാസ്‌ ഓര്‍മപ്പെടുത്തി. 
രാജ്യത്തെ മുസ്‌ലിംകള്‍ പിന്നോക്കക്കാരണ്‌. ഒട്ടേറെ പഠന റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌ . പിന്നാക്കാവസ്ഥ പരിഹരിക്കാനായി അര്‍ഹമായത്‌ ചോദിച്ചുവാങ്ങാന്‍ നമുക്ക്‌ അവകാശമുണ്ട്‌ . എന്റെ മണ്ഡലമായ വയനാടിനെ മുസ്‌ലിം സെക്‌ടര്‍ ഡവലപ്പ്‌മെന്റില്‍ ഉല്‍പ്പെടുത്തി 104 കോടി രൂപയുടെ പദ്ധതി വകയിരുത്തിയത്‌ ഇതിന്റെ ഭാഗമായാണെന്ന്‌ അദ്ദേഹം വിശദീകരിച്ചു.

വിസ്‌മയങ്ങളുടെ നേര്‍സാക്ഷ്യമായി `സാക്ഷ്യം '12'


കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍  നഗര്‍ ) മലയാള മുസ്‌ലിമിന്റെ ഗമനവീഥികളെ ചാരുതയാര്‍ന്ന ഭാവനാവൈഭവത്തോടെ അടയാളപ്പെടുത്തുന്ന സാക്ഷ്യം'12 സന്ദര്‍ശകരുടെ ആധിക്യം കൊണ്ട്‌ ശ്രദ്ധേയമാകുന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ 85ാം വാര്‍ഷിക മഹാസമ്മേളനത്തോടനുബന്ധിച്ച്‌ സമ്മേളന നഗരിയോടുചേര്‍ന്ന്‌ സജ്ജീകരിക്കപ്പെട്ട പ്രദര്‍ശനം അഞ്ചു ദിവസം പിന്നിടുമ്പോള്‍ അര ലക്ഷത്തലധികം പേര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. പണ്ഡിതര്‍ , ചിന്തകര്‍ , അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ്‌ ദിനേന സന്ദര്‍ശനത്തിനെത്തുന്നത്‌ .
ആഴമേറിയ ആശയങ്ങളും അനുഭവവേദ്യമായ ആവിഷ്‌കാരങ്ങളുമാണ്‌ എക്‌സിബിഷനെ ശ്രദ്ധേയമാക്കുന്നത്‌ . അന്ധകാരം നിറഞ്ഞ ആറാം നൂറ്റാണ്ടില്‍ തുടങ്ങി നിംനോന്നതികളുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട്‌ സമസ്‌തയിലെത്തി നില്‍ക്കുന്ന കേരളീയ ഇസ്‌ലാമിക ചരിത്രത്തിന്റെ സഞ്ചാര പഥങ്ങളെ ശാസ്‌ത്രീയമായി പുനരവതരിപ്പിക്കുന്ന പ്രദര്‍ശനം അനിര്‍വചനീയമായ ആത്മസംതൃപ്‌തിയും ചരിത്രാവബോധവുമാണ്‌ സന്ദര്‍ശകന്‌ പകര്‍ന്നുനല്‍കുന്നത്‌. ആറാം നൂറ്റാണ്ടിന്റെ ഭയാനകതയിലൂടെ കടന്ന്‌ മാലിക്‌ദീനാറിന്റെ കപ്പലില്‍ ചരിത്രപ്പെരുമ പേറുന്ന കൊടുങ്ങല്ലൂര്‍ പള്ളിയില്‍ വലതുകാല്‍ വെച്ച്‌ കേറുന്ന സന്ദര്‍ശകന്‌ തന്റെ അഭിമാനം പേറുന്ന ചരിത്രത്തില്‍ സ്വയം അലിഞ്ഞില്ലാതാവുന്ന പ്രതീതി ജനിക്കുന്നു. മനസ്സ്‌ നിറഞ്ഞ്‌ നില്‍ക്കുമ്പോള്‍ പൊന്നാനി പള്ളിയുടെ പൊന്‍മിനാരങ്ങള്‍ ദൃശ്യമാവുകയായി. മഖ്‌ദൂമുമാരിലൂടെ സാധിച്ച വിദ്യാഭ്യാസ വിസ്‌ഫോടനത്തിന്റെ ലിഖിത സാക്ഷ്യങ്ങള്‍ അനുവാചകന്‌ പകരുന്ന അറിവും നിറവും പ്രദര്‍ശനത്തിന്റെ സവിശേഷതയാണ്‌ . തുടര്‍ന്ന്‌ സമസ്‌തയിലെത്തി പ്രബോധന പാതയിലെ ശ്രദ്ധേയ സംഭവങ്ങള്‍ , വ്യക്തികള്‍ , സമസ്‌ത നയിച്ച നവോത്ഥാന മുന്നേറ്റങ്ങള്‍ തുടങ്ങി നിരവധി കൂട്ടുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ പ്രദര്‍ശനത്തിന്റെ ഓരോ പവലിയനും.
ആദര്‍ശ പ്രാസ്ഥാനിക സാക്ഷ്യങ്ങള്‍ക്കൊപ്പം സമൂഹം, ശാസ്‌ത്രം, സംസ്‌കാരം, പഠനം, ഗവേഷണം അനുഭവം തുടങ്ങിയ മേഖലകളും തന്മയത്വത്തോടെ സന്ദര്‍ശകരെ സ്വികരിക്കാനൊരുങ്ങി നില്‍ക്കുന്നുണ്ട്‌ . വിശുദ്ധ ഖുര്‍ആന്‍ വര്‍ത്തമാന ശാസ്‌ത്രവിദ്യയുടെ അടിസ്ഥാനമായി മാറുന്ന വിസ്‌മയ സത്യം സചിത്രം സമര്‍ത്ഥിക്കുന്ന ഹൃദ്യമായ സ്റ്റാളുകള്‍ ഓരോ സന്ദര്‍ശകന്റെയും ഹൃദയാന്തരങ്ങളില്‍ ചലനം സൃഷ്‌ടിക്കുമെന്നത്‌ തീര്‍ച്ച. കൂടെ ശാസ്‌ത്ര ഗവേഷക വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കൗതുകകരമായ വിവിധ പരീക്ഷണങ്ങളുടെ പ്രദര്‍ശനങ്ങളും എക്‌സിബിഷന്‌ ഏറെ മിഴിവേകുന്നു.
അതിവിശിഷ്‌ടമായ കലാചാതുരിയില്‍ തീര്‍ത്ത കഅ്‌ബാ മന്ദിരം മറ്റൊരു ആകര്‍ഷണമാണ്‌. ഇബ്‌റാഹീം മഖാമും ഹിജ്‌റ്‌ ഇസ്‌മാഈലും ഹജറുല്‍ അസ്‌വദും യാഥാര്‍ഥ്യത്തിന്റെ ലാവണ്യത്തോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ സന്ദര്‍ശകന്‍ അറിയാതെ ആത്മീയതയുടെ ദിവ്യയാനത്തില്‍ ഒരു വേള ആത്മായനം നടത്തും. കാവനൂര്‍ മജ്‌മഅ്‌ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഈ ദൃശ്യ വിസ്‌മയമാണ്‌ ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌.
ആത്മീയതയുടെ മധുനുകര്‍ന്ന്‌ ഇനിയെത്തുന്നത്‌ വിരല്‍ തുമ്പ്‌ കൊണ്ട്‌ വിസ്‌മയം തീര്‍ക്കുന്ന അന്ധസഹോദരങ്ങളുടെ വിസ്‌മയ പ്രകടനത്തിലാണ്‌. സൃഷ്‌ടാവിന്റെ സംവിധാനത്തില്‍ കാഴ്‌ച മറഞ്ഞ്‌ പോയ ഈ മനുഷ്യ ഹൃദയങ്ങളുടെ ഉള്‍ക്കരുത്തും മാത്സര്യ മനോഭാവവും കാഴ്‌ചയുള്ളവരെ വിസ്‌മയിപ്പിക്കും. വിരലുപയോഗിച്ച്‌ ഖുര്‍ആനടക്കം ഗ്രന്ഥങ്ങള്‍ അതിവേഗതയില്‍ പാരായണം ചെയ്‌ത്‌ ഓരോ സന്ദര്‍ശകനെയും പിടിച്ചുനിര്‍ത്തുകയാണ്‌ ഈ ആയിരം അകക്കണ്ണുള്ള സഹോദരങ്ങള്‍ .
കാല്‌, കൈ തുടങ്ങി ശരീരത്തിന്റെ വിവിധ വശങ്ങള്‍ കൊണ്ട്‌ വിവിധ ഭാഷകള്‍ ലാവണ്യത്തോടെ എഴുതുന്ന അബ്ദുല്ല പുല്‍പറമ്പ്‌ വിസ്‌മയിപ്പിക്കുന്ന പ്രകടനങ്ങളാണ്‌ പിന്നീട്‌ സന്ദര്‍ശകനെ വരവേല്‍ക്കുന്നത്‌. എല്ലാം കണ്ട്‌ അത്ഭുതം കൂറുന്നവര്‍ക്ക്‌ ഒരു ചാരിതാര്‍ത്ഥ്യത്തിന്റെ ശൈക്ക്‌ ഹാന്‍ഡ്‌ കൊടുക്കാന്‍ പവലിയനില്‍ സുസ്‌മേര വദനനായി നില്‍ക്കുന്നുണ്ട്‌.
വിസ്‌മയത്തിന്റെയും ആത്മവിചാരത്തിന്റെയും പരകോടിയിലെത്തുന്ന സന്ദര്‍ശകനെ വീണ്ടും വീണ്ടും പ്രീതിപ്പെടുത്താന്‍ ഇനിയുമുണ്ട്‌ ഒരു കൂട്ടം കാഴ്‌ചവിരുന്നുകള്‍. മമ്പുറം തങ്ങളുടെ തലപ്പാവ്‌, വിവിധ നാണയങ്ങള്‍ , ഗൃഹാതുരതയുണര്‍ത്തുന്ന മാപ്പിളസംസ്‌കാരത്തന്റെ തിരുശേഷിപ്പുകള്‍ , വിവിധ പ്രാമാണിക ഗ്രന്ഥങ്ങളുടെ കൈയെഴുത്തു പ്രതികള്‍ , പട്ടിക്കാട്‌ എം.ഇ.എ എഞ്ചിനീയറിംഗ്‌ കോളേജ്‌, ക്രസന്റ്‌ സ്‌കൂള്‍ തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളൊരുക്കുന്ന വിസ്‌മയക്കാഴ്‌ചകള്‍ , എസ്‌. കെ. എസ്‌. എസ്‌.എഫ്‌ കരിയര്‍ വിഭാഗം ട്രന്റ്‌ ഒരുക്കിയ കരിയര്‍ ഗാലറി തുടങ്ങി പഠിക്കാനും പകര്‍ത്താനും ഒരായിരം രസക്കൂട്ടുകളാല്‍ സമ്പന്നമാണ്‌ സാക്ഷ്യം 12.
20ന്‌ 11 മണിക്ക്‌ സാമൂഹ്യ ക്ഷേമവകുപ്പ്‌ മന്ത്രി ഡോ. എം.കെ മുനീറാണ്‌ എക്‌സിബിഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌. നാലാം ദിനം പിന്നിടുന്ന പ്രദര്‍ശനം ഇതിനകം മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇരുപത്‌ രൂപയുടെ കൂപ്പണ്‍മുഖേനെയാണ്‌ പ്രവേശന മനുവദിക്കുന്നത്‌. മദ്‌റസാവിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രത്യേക ഇളവനുവദിച്ചിട്ടുണ്ട്‌. 26 വരെ നീളുന്ന എക്‌സിബിഷന്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ്‌ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്‌. ആവിഷ്‌കാരത്തിന്റെ വ്യതിരിക്തത കൊണ്ടും സന്ദര്‍ശകരുടെ റെക്കോഡ്‌ കടന്ന ആധിക്യം കൊണ്ടും സാക്ഷ്യം 12 ചരിത്രത്തില്‍ മറ്റൊരു വിസ്‌മയമായി മാറുമെന്ന്‌ ഓരോ സന്ദര്‍ശകനും സാക്ഷ്യപ്പെടുത്തുമ്പോഴും സാക്ഷ്യം കാത്തിരിക്കുകയാണ്‌ ഇനിയും കൗതുകം വറ്റാത്ത മലയാളത്തിലെ ഒരായിരം പ്രബുദ്ധ സാക്ഷികളെയും കാത്ത്‌.... 

സുവനീര്‍ പ്രകാശനത്തില്‍ നിന്നും . . .



സുരക്ഷിത ഭാവിക്ക്‌ സമസ്‌തക്ക്‌ കരുത്തു പകരണം : അബ്ദുസ്സമദ്‌ സമദാനി എം.എല്‍.എ



വരക്കല്‍ മുല്ലക്കോയ നഗര്‍ , കൂരിയാട്‌ : ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ ഇടപെടാനും ചര്‍ച്ച ചെയ്യാനും ഏറ്റവും അവകാശപ്പെട്ട പ്രസ്ഥാനമാണ്‌ സമസ്‌തയെന്നും ശരീഅത്ത്‌ വിവാദം പോലുള്ള ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ ശംസുല്‍ ഉലമ, കെ.കെ ഹസ്‌റത്ത്‌, കെ.ടി മാനു മുസ്ലിയാര്‍ തുടങ്ങിയവരുടെ ജാഗ്രതയും ഇടപെടലുകളും വിസ്‌മരിക്കാനാവില്ലെന്നും സമുദായത്തിന്റെ സുരക്ഷിത ഭാവിക്ക്‌ സമസ്‌തക്ക്‌ കരുത്തു പകരണമെന്നും എം. പി അബ്‌ദുസ്സമദ്‌ സമദാനി എം.എല്‍.എ പറഞ്ഞു. സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ ന്യൂനപക്ഷം അവകാശങ്ങള്‍ അധികാരങ്ങള്‍ എന്ന സെഷനില്‍ വിഷയമവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളെ ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കുന്നത്‌ ശരിയല്ല. ഇന്ത്യന്‍ ബഹുസ്വരതയുടെ നിര്‍മാണത്തില്‍ ന്യൂനപക്ഷങ്ങള്‍ വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌. 800 വര്‍ഷം മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ചപ്പോഴും അവര്‍ ന്യൂനപക്ഷമായിരുന്നു. ആ കാലഘട്ടം ഇന്ത്യയുടെ നിര്‍മാണ ഘട്ടമായിരുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത്‌ പരിഷ്‌കൃത സമൂഹത്തിന്റെ സ്വഭാവമാണെന്നും അതില്‍ സമസ്‌ത വഹിക്കുന്ന പങ്ക്‌ നിസ്‌തുലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ സമുദായമാവുക എന്നത്‌ അഭിമാനമായോ അവസരങ്ങള്‍ നേടിയെടുക്കാനുള്ള അവസരമായോ കാണരുതെന്നും ന്യൂനപക്ഷാവസ്ഥയില്‍ നിന്നും കരകയറാനാണ്‌ നാം ശ്രമിക്കേണ്ടതെന്നും ആദൃശേരി ഹകീം ഫൈസി പറഞ്ഞു. അഹ്‌മദ്‌ തേര്‍ളായി ആമുഖ പ്രഭാഷണം നടത്തി.
ഇ.ടി മുഹമ്മദ്‌ ബശീര്‍ എം.പി, അഡ്വ. സൈതാലിക്കുട്ടി ഹാജി, മൊയ്‌തീനബ്ബ മംഗലാപുരം, എം.എ ചേളാരി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ഹസന്‍ ശരീഫ്‌ കുരിക്കള്‍, അഹ്‌മദ്‌ ഉഖൈല്‍ കൊല്ലം, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ പങ്കെടുത്തു.

ആത്മീയ വാണിഭം : സാമൂദായിക രാഷ്‌ട്രീയ സംഘടനകള്‍ നിലപാട്‌ വ്യക്തമാക്കണം


പ്രമേയം :


കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധം ആത്മീയതയെ ചൂഷണം ചെയ്‌ത്‌ വ്യാജകേശം വാണിജ്യ താല്‌പര്യത്തിന്‌ ഉപയോഗപ്പെടുത്തിയ കാന്തപുരത്തെയും സംഘത്തെയും വിമര്‍ശിക്കുന്നതിന്‌ പകരം പുണ്യ നബിയുടെ തിരുശേഷിപ്പുകളെ അവമതിക്കുന്ന പരാമര്‍ശം നടത്തി വിശ്വാസികളെ വ്രണപ്പെടുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറിയൂടെ പ്രസ്‌താവന അങ്ങേയറ്റം അപലപനീയമാണ്‌. പൊതുസമൂഹത്തിനിടയില്‍ പ്രവാചകനെ നിന്ദിക്കുന്നതിനും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതിനും അവസരമൊരുക്കിയ കാന്തപുരം സമൂദായത്തിന്‌ കളങ്കമാണ്‌. വ്യാജമുടി ഉപയോഗിച്ചുള്ള സാമ്പത്തിക ചൂഷണത്തെ തുറന്നെതിര്‍ക്കാന്‍ സമൂഹ നന്മ ആഗ്രഹിക്കുന്ന മുഴുവന്‍ സാമുദായിക രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാവണം. മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്‌ പണ്ഡിതന്‍മാരാണ്‌. എന്നാല്‍ ആത്മീയ വാണിഭം പോലുള്ള സാമൂഹിക തിന്മകളെ എതിര്‍ക്കാന്‍ സമുദായ താല്‌പര്യം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ബാധ്യസ്ഥരാണ്‌. കാന്തപുരം കൈവശം വെച്ച മുടി വ്യാജമാണെന്ന്‌ തെളിഞ്ഞിരിക്കെ കാന്തപുരം ഗ്രൂപ്പിലെ ആത്മാഭിമാനമുള്ള അവശേഷിക്കുന്ന പ്രവര്‍ത്തകര്‍ പ്രസ്‌തുത സംഘടനയില്‍ നിന്ന്‌ പുറത്തു വരണം- ഈ സമ്മേളനം ആവശ്യപ്പെടുന്നു.

അവതാരകന്‍ : കെ. മോയിന്‍കുട്ടി
അനുവാദകന്‍ :  ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി 

പ്രൗഢം, ഉജ്ജ്വലം; സമസ്ത സംഗമത്തിന് ആയിരങ്ങള്‍



വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(കൂരിയാട്‌, തിരൂരങ്ങാടി) : കേരളത്തിന്റെ വിവിധഭാഗങ്ങളിലും പുറത്തുംനിന്നെത്തിയ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ കൂരിയാട് വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷികത്തിന് ഗംഭീര തുടക്കം. സമസ്ത ട്രഷറര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് നാലുദിവസത്തെ സമ്മേളനത്തിന് തുടക്കമായത്.

'സത്യസാക്ഷികളാവുക' എന്ന ശീര്‍ഷകത്തില്‍ നടന്ന പ്രഥമ സെഷന്‍ പി.കെ.പി. അബ്ദുല്‍സലാം മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ ആമുഖഭാഷണം നടത്തി. 'സത്യസാക്ഷ്യത്തിന്റെ ആദര്‍ശാവിഷ്‌കാരം' എന്ന വിഷയം എം.പി. മുസ്തഫല്‍ ഫൈസി അവതരിപ്പിച്ചു. 'സമസ്ത സാധിച്ച കര്‍മങ്ങള്‍' എന്ന വിഷയം നാസ്വിര്‍ ഫൈസി കൂടത്തായി അവതരിപ്പിച്ചു.

ഉച്ചയ്ക്കുശേഷം വിദ്യാഭ്യാസ സെഷന്‍ ലക്ഷദ്വീപ് ഖാസി സയ്യിദ് മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. പ്രാഥമിക മദ്രസകള്‍ ഉയര്‍ത്തിയ ഉത്കൃഷ്ട പരിസരം, പള്ളി ദര്‍സുകള്‍ സംരക്ഷിച്ച സാംസ്‌കാരിക പൈതൃകം എന്നീ വിഷയങ്ങള്‍ യഥാക്രമം പിണങ്ങോട് അബൂബക്കര്‍, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അവതരിപ്പിച്ചു.

'സക്കാത്ത് വിപുല വായന' എന്ന വിഷയം എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അവതരിപ്പിച്ചു. അരിപ്ര അബ്ദുറഹിമാന്‍ ഫൈസി ആമുഖഭാഷണം നിര്‍വഹിച്ചു. 'തസ്വവ്വുഫ് ചിന്തകളും പഠനങ്ങളും' സെഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. 'തസവ്വുഫ് സത്യസാക്ഷ്യത്തിന്റെ ഉറവ' എന്ന വിഷയം എ. മരക്കാര്‍ ഫൈസിയും 'ത്വരീഖത്ത് സത്‌സരണിയുടെ സാക്ഷ്യം' എന്ന വിഷയം പനങ്ങാങ്ങര ഹൈദര്‍ ഫൈസിയും അവതരിപ്പിച്ചു. കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മുഖവുരഭാഷണം നടത്തി.

രാത്രി ദിക്‌റ് ദുആ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

വെള്ളിയാഴ്ച രാവിലെ 'കാലികം' സെഷനില്‍ 'മുസ്‌ലിം ലോകവും ചലനങ്ങളും' എന്ന വിഷയം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അവതരിപ്പിക്കും. 'മുസ്‌ലിം ന്യൂനപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍' എന്ന വിഷയം അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി അവതരിപ്പിക്കും. എം.പി. അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ ഏഴിന് മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി പ്രസംഗിക്കും. ക്യാമ്പിന് അബ്ദുസമദ് പൂക്കോട്ടൂരാണ് നേതൃത്വം നല്‍കുന്നത്.

മദ്രസാധ്യാപകര്‍ക്ക് പ്രഖ്യാപിച്ച പലിശരഹിത ക്ഷേമനിധി പദ്ധതി പൂര്‍ണമായി ഗ്രാന്റ് ഇന്‍ എയ്ഡില്‍ ഉള്‍പ്പെടുത്തി ഫണ്ട് വകയിരുത്തണമെന്നും എം.എസ്.ആര്‍ ഉള്ള അധ്യാപകര്‍ക്കും പള്ളി ജീവനക്കാരായ ഇമാം, മുദരിസ്, മുഅദ്ദിന്‍, അറബിക് കോളേജ് അധ്യാപകര്‍ എന്നിവര്‍ക്കുംകൂടി പദ്ധതി ബാധകമാക്കണമെന്നും വിദ്യാഭ്യാസ സെഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനം ലോകം അംഗീകരിച്ചു- സാദിഖലി ശിഹാബ് തങ്ങള്‍


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍:ലോക സാമ്പത്തിക മാന്ദ്യത്തില്‍നിന്നുള്ള രക്ഷാമാര്‍ഗം ഇസ്‌ലാമിന്റെ കയ്യിലാണെന്ന് ലോകം അംഗീകരിച്ചിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൂരിയാട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പത്ത് മനുഷ്യന് സമാധാനം നല്‍കുന്നതാവണം. അത് ദൈവഹിതപ്രകാരം വിനിയോഗിച്ചാല്‍ സാമ്പത്തിക അസമത്വമുണ്ടാവില്ല. ബ്രിട്ടനിലും അമേരിക്കയിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമൊക്കെ ഇസ്‌ലാമിക ബാങ്കിങ്ങിന്റെ വിജയം ഇസ്‌ലാമിക സാമ്പത്തികദര്‍ശനത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നു. ഇസ്‌ലാമിന്റെ സാമ്പത്തികദര്‍ശനത്തിന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകും. തെറ്റിദ്ധരിക്കപ്പെടുന്ന വിധത്തിലാണ് ഇന്ന് ഇസ്‌ലാം പലേടത്തും പരാമര്‍ശിക്കപ്പെടുന്നത്. ഒരുവിഭാഗം മാധ്യമങ്ങളും കോര്‍പ്പറേറ്റ് മുതലാളിമാരും ഭരണകൂടങ്ങളും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് അവതരിപ്പിക്കുന്നത്. മനുഷ്യജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ഉരസുമ്പോള്‍ അപ്രായോഗികമാണ് കമ്യൂണിസമെന്ന് അവര്‍ക്കുതന്നെ ബോധ്യമായി. ലോകത്തെ ഗ്രസിച്ച മുതലാളിത്തത്തിനും ലോകത്തെ മുന്നോട്ടുകൊണ്ടുപോകാനായില്ല. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും പകരം മറ്റൊരു പാതയാണ് ലോകം അന്വേഷിക്കുന്നത്. സ്രഷ്ടാവിലേക്കുള്ള മടക്കത്തിന് സമയമായിരിക്കുന്നു. നമ്മുടെ ജീവിതത്തിലൂടെ ഇസ്‌ലാമിനെ പ്രകടിപ്പിക്കണം. സ്രഷ്ടാവിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും മാറ്റിവെച്ച് കേവല വൈകാരികതയെയും ചഞ്ചലതയെയും പിന്തുടരുമ്പോഴാണ് ജീവിതം ആസ്വദിക്കാനാവാത്തതാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.എം. ബാവ മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. സി.കെ .എം.സാദിഖ് മുസ്‌ല്യാര്‍ സ്വാഗ തം പറഞ്ഞു.

ദുബായ് ഔഖാഫ് സഹ ഡയറക്ടര്‍ ഉമ്മര്‍ മുഹമ്മദ് അല്‍ ശരീഫ് മുഖ്യാതിഥിയായിരുന്നു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ദുബായ് ഔഖാഫ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ മുസ്തഫ, അല്‍ ജര്‍റാര്‍, ഖുതൂബ് അബ്ദുല്‍ ഹമീദ്, ഖുതൂബ് അബ്ദുല്‍കരീം, ശൈഖ് അബ്ദുല്‍ഖാദര്‍ അല്‍ ജീലി മദീന എന്നിവര്‍ അതിഥികളായിരുന്നു. സമ്മേളന സ്മരണിക പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, നാസിര്‍ അബ്ദുള്‍ ഹയ്യ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, നിര്‍മാണ്‍ മുഹമ്മദലി, എം.സി. മായിന്‍ഹാജി, മെട്രോ മുഹമ്മദ്ഹാജി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, എസ്.എം. ജിഫ്രി തങ്ങള്‍, യു.കെ. അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. എന്‍. സൂപ്പി, അബു ഇസ്ഹാഖ് ഇസ്മാഈല്‍ മുസ്ലിയാര്‍, സഈദ് മുസ്ലിയാര്‍, പാലത്തായി മൊയ്തുഹാജി, കുമ്പള ഖാസിം മുസ്‌ലിയാര്‍, എസ്.എം. ബര്‍ക്കത്തലി, അബ്ദുല്‍ ഹസ്സന്‍ ഹസ്‌റത്ത് ബാഖവി, ടി.കെ. അബ്ദുറഹ്മാന്‍ ഹാജി, സി.എ. ഹൈദര്‍ മുസ്‌ലിയാര്‍, ഇസ്ഹാഖ് കുരിക്കള്‍, അബൂബക്കര്‍ ഫൈസി കണിയാപുരം, കെ. സൈതലവിഹാജി, കാടാമ്പുഴ മൂസഹാജി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
മംഗലാപുരം ഖാസിയും സമസ്ത മുശാവറ അംഗവുമായ ത്വാഖ അഹ്മദ് മൗലവി ഇന്ന് കാലത്ത് ഏഴുമണിക്ക് സമ്മേളന നഗരിയില്‍ ഉദ്‌ബോധനപ്രസംഗം നടത്തും.

2012 ഫെബ്രുവരി 22, ബുധനാഴ്‌ച

സമസ്തഃ സമ്മേളനം ഇന്ന് തുടങ്ങുന്നു; ''സത്യസാക്ഷികളാവുക''


ഖുര്‍ആന്‍ ഉണര്‍ത്തിയ ചിന്ത:
"അപ്രകാരം തന്നെ നിങ്ങള്‍ മനുഷ്യസമുദായത്തിന് സാക്ഷിയായിരിക്കുവാനും അല്ലാഹുവിന്റെ ദൂതന്‍ നിങ്ങളുടെ മേല്‍ സാക്ഷിയായിരിക്കുവാനുമായി നിങ്ങളെ നാം ഒരുല്‍കൃഷ്ട സമുദായമാക്കിയിരിക്കുന്നു. (വി.ഖു. 2:143)
വിശുദ്ധ കഅ്ബാ ശരീഫ് ഖിബ്‌ലയായി നിര്‍ണ്ണയിച്ചുകൊണ്ട് വഹ്‌യ് ഉണ്ടായപ്പോള്‍ ''ചില വിഢികള്‍, ജൂദര്‍, ബഹുദൈവാരാധകര്‍'' തീരുമാനം വിമര്‍ശിച്ചു സംസാരിച്ചിരുന്നു. ഈ തീവ്രവാദികളെ ഖുര്‍ആന്‍ വിഢികള്‍ എന്നാണ് വിളിച്ചത്. ഇബ്രാഹീം (അ)മിന്റെ ദീന്‍ കൊണ്ടും ഖിബ്‌ലകൊണ്ടും നിങ്ങളെ നാം ബഹുമാനിച്ചിരിക്കുന്നു. അത്‌പോലെ നീതി ചെയ്യുകയും പറയുകയും ചെയ്യുന്ന സമുദായമാക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയാണ് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയ വിശദീകരണം. 
അപ്പോള്‍ മുസ്‌ലിം സമുദായം നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. അതിന്ന് ജനങ്ങളുടെ മേല്‍ നിങ്ങളും നബി(സ) നിങ്ങളുടെ മേലും സാക്ഷിയായിരിക്കുന്നു.
സത്യമാണ് പരമായ സത്വം. ചരിത്രത്തിലെ ഏത് ഘട്ടങ്ങളിലും സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടത്തെ പ്രതിരോധിക്കുന്നതിനും സത്യം പുനസ്ഥാപിക്കുന്നതിനും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. സത്യത്തിന് വേണ്ടി കടുത്ത വില നല്‍കേണ്ടിയും വന്നിട്ടുണ്ട്.
ഹസ്രത്ത് ഇബ്രാഹീം(അ) അഗ്‌നിഗുണ്ടത്തെ വരിക്കേണ്ടിവന്നത് സത്യത്തിന് വേണ്ടി നിലകൊണ്ടത് കൊണ്ടായിരുന്നു. ഈസ(അ)നെ പിടികൂടി വധിക്കാന്‍ ജൂദര്‍ പദ്ധതിയിട്ടു ജൂദാസിനെ ഉപയോഗപ്പെടുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചുനോക്കിയതും ഈസ(അ) സത്യസാക്ഷ്യത്തിന് വേണ്ടി നിലകൊണ്ടത് കൊണ്ട് തന്നെ.
മൂസ(അ)മിനെ പിന്തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച ഫറോവയെ മഥിച്ചതും, നൂഹ് നബി(അ) മിനെയും മറ്റനേകാം പ്രവാചകരെയും അതത് കാലങ്ങളില്‍ തകര്‍ക്കാന്‍ ശ്രമിച്ചുനോക്കിയത് സത്യം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരുടെ മനോനിലയാണ് സൂചിപ്പിക്കുന്നത്.
മുഹമ്മദ് നബി(സ)യും സത്യവിരുദ്ധരാല്‍ എതിര്‍ക്കപ്പെട്ടു. സ്വദേശത്ത് നിന്ന് മറ്റൊരു ദേശമായ മദീനയിലേക്ക് പാലായനം ചെയ്യേണ്ടിവന്നു. സത്യത്തിന് വേണ്ടി ഗദ്യത്തന്തരമില്ലാത്ത ഘട്ടത്തില്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നു. ഗുരുക്ഷേത്രയുദ്ധത്തെ ധര്‍മ്മയുദ്ധം എന്നാണല്ലോ പറയുന്നത്. അതായത് ധര്‍മ്മം പുലരാന്‍ ആയുധമെടുക്കേണ്ടിവന്നാല്‍ അതൊരു ധര്‍മ്മമാണെന്ന് ചുരുക്കം.
ഇസ്‌ലാമിന്റെ ആവിര്‍ഭാവഘട്ടത്തില്‍ തന്നെ അത്‌ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും കടന്നെത്തി. ഇന്ത്യ, ആഫ്രിക്ക, യൂറോപ്പ് അങ്ങനെ എല്ലാ ഭാഗങ്ങളിലേക്കും പ്രമുഖസഹാബാക്കളായിരുന്നു പ്രധാന സന്ദേശകര്‍. പിന്നീട് താബിഉകളും താബിഉത്താബിഉകളും മിഷനറിമാരായി. അഖ്‌നസുബിന്‍ ഖൈസ് സോവിയറ്റ് പ്രവിശ്യകളിലും, താരിഖ് ബ്‌നു സിയാദ് സ്‌പെയിനിലും, അലാഉബ്‌നുഹള്‌റമി ബഹ്‌റൈനിലും, ഉബൈദുല്ലാഹ് ആന്ത്രോത്തിലും, മാലിക്ബ്‌നു ദീനാര്‍(റ) കേരളത്തിലുമെത്തിയത് ഉത്തമ നൂറ്റാണ്ടുകള്‍ക്കിടയില്‍ തന്നെ അങ്ങനെ എല്ലാഭാഗങ്ങളിലും വിശുദ്ധ ഇസ്‌ലാം പരിചയപ്പെട്ടു.
കര്‍മ്മശാസ്ത്രം, വിശ്വാസ ശാസ്ത്രം, ആത്മീയ ശാസ്ത്രം (ഇസ്‌ലാം, ഈമാന്‍, ഇഹ്‌സാന്‍) സരണികള്‍ വിശദീകരിക്കുന്ന അനേകായിരം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. അല്ലാഹുവിന്റെ ദീന്‍ എന്ന നിലക്ക് അതിന്റെ ആഴവും പരപ്പും അര്‍ത്ഥപൂര്‍ണ്ണമായി പഠിച്ചു മനസ്സിലാക്കിയ മഹാപണ്ഡിതര്‍ അവരുടെ കടമകള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.
കൊര്‍ദോവ മുതല്‍ അല്‍അസ്ഹര്‍ വരെ നിസാമിയ്യ മുതല്‍ ബഗ്ദാദിലെ ബൈത്തുല്‍ ഹിക്മ വരെ അതിവിസ്തൃതമായ പാഠശാലകളും പഠന ഗവേഷണാലയങ്ങളും സ്ഥാപിതമായി. അബൂബക്കര്‍ റാസി(റ) ഇബ്‌നു സീനാ ഗസ്സാലി, ഗൗസുല്‍ അഅ്‌ളം, അല്‍ബറൂനി, ഇബ്‌നുബത്തൂത്ത, അങ്ങനെ സകല മേഖലകളിലും തിളക്കമാര്‍ന്ന വിപ്ലവങ്ങള്‍ ഉണ്ടായി. ശാഫി, ഹനഫി, മാലികി, ഹമ്പലി, ബുഖാരി, മുസ്‌ലിം, അശ്അരീ, മാത്വുരിദീ തുടങ്ങിയവരിലൂടെ വിശുദ്ധ ഇസ്‌ലാമിന്റെ മഹത്വവും സംരക്ഷണവും നിലനില്‍പ്പും ഉറപ്പ് വരുത്താനായി.
വിശുദ്ധ ഖുര്‍ആന്‍ ഖിയാമത്ത്‌നാള്‍വരെ സംരക്ഷിക്കപ്പെടുമെന്ന ഇലാഹീദര്‍ശനത്തിന്റെ സാക്ഷാല്‍ക്കരമായിരുന്നു ഇതൊക്കെ. ഇസ്‌ലാമിന്റെ ഉദയകാലത്ത് തന്നെ കേരളത്തിലും ഇസ്‌ലാം എത്തി ച്ചേര്‍ന്നു. ചേരമാന്‍ പെരുമാള്‍ (കൊടുങ്ങല്ലൂര്‍ ആസ്ഥാനമായീ ഭരണം നടത്തിയിരുന്ന ഹിന്ദുരാജാക്കളിലൊരാള്‍) നബി(സ)യെ സന്ദര്‍ശിച്ചതായും മഹാനവര്‍കള്‍ തിരിച്ചുവരുന്നവഴിക്ക് (ളിഫാറില്‍) ഇപ്പോള്‍ സലാലയില്‍ മരണമടഞ്ഞതായും ചരിത്രം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മഖ്ബറ ''ളരീഉസ്സാമിരീ'' എന്ന പേരില്‍ സലാലയില്‍ പ്രസിദ്ധമാണ്. കേരളത്തില്‍ ഇസ്‌ലാമിന്റെ ആഗമനകാലത്തെകുറിച്ച് ചരിത്രകാരന്മാര്‍ പ്രകടിപ്പിച്ച ഭിന്നാഭിപ്രായങ്ങള്‍ അംഗീകരിച്ചുകൊണ്ട് തന്നെ ഇസ്‌ലാമിക സാന്നിദ്ധ്യത്തിന്റെ തുടക്കം ഉത്തമനൂറ്റാണ്ടിലായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
വികേന്ദ്രീകൃത നേതൃരീതിയില്‍ മുന്നേറിയ ഇസ്‌ലാമിക് നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ മഖ്ദൂമി കാലഘട്ടത്തോടെ കാലികമായ ചില നവസമീപനങ്ങള്‍ കൈവന്നു. മുസ്‌ലിം സമുദായത്തില്‍ സര്‍വ്വാംഗീകാരവും സ്വീകാര്യതയും നേടിയ മഖ്ദൂമികള്‍ തീര്‍ത്ത മതപരമായ സുസ്ഥിരതയും ശക്തിയും സമ്പന്നതയും ഏറെ വിലപ്പെട്ടതായിരുന്നു.
കേരളത്തിലെ വൈജ്ഞാനിക പുരോഗതകിളെ ലോകതലത്തിലേക്ക് വളര്‍ത്താനവര്‍ക്കു സാധ്യമായി. ഫത്ഹുല്‍ മുഈന്‍ എന്ന കര്‍മ്മശാസ്ത്ര ഗ്രന്ഥം ഇപ്പോഴും ലോകത്ത് പലയിടത്തും പഠിപ്പിക്കപ്പെടുന്നു. തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇതിനകം 38 ലോകഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കേരളീയ പണ്ഡിതരാല്‍ രചിക്കപ്പെട്ട നൂറ്കണക്കായ ഗ്രന്ഥങ്ങള്‍ ലോകവിസ്മയമാണ്.
1921കളിലാണ് കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുകള്‍ രൂപപ്പെട്ടുവരുന്നത്. അത്‌വരെ ഏകദേശം പന്ത്രണ്ട് നൂറ്റാണ്ടുകള്‍ യാതൊരു ഭിന്നസ്വരങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല.
നിശ്പക്ഷ സംഘം, ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമാ തുടങ്ങിയ പേരില്‍ സംഘടിച്ചവര്‍ പാരമ്പര്യ മുസ്‌ലിംകളെ പരിധിവിട്ടാണ് വിമര്‍ശിച്ചത്. ശിര്‍ക്കാരോപണമായിരുന്ന ഏറ്റവും ഗരുതരം. അപ്പോള്‍ പ്രവാചകര്‍(സ) മുതല്‍ പന്ത്രണ്ട് നൂറ്റാണ്ടിലധികം കാലം ജീവിച്ചവരൊക്കെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്താണെന്ന വാദത്തോടൊപ്പം ഒരു നവറിബല്‍ ആശയം അവര്‍ മുന്നോട്ട് വെച്ചു അതത്രയും രാഷ്ട്രീയഛായയും ലക്ഷ്യവും ഉള്ളതായിരുന്നു. ഈ തീവ്രവാദ സമീപനങ്ങളില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസം കര്‍മ്മ ശാസനകള്‍ രക്ഷപ്പെടുത്തി. പൈതൃക ബന്ധിതമായ പാരമ്പര്യ രീതികളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിന് 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് രൂപീകരിച്ചതാണ് 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'.
1927നും 1944നുമിടയില്‍ വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ച 15 വാര്‍ഷിക സമ്മേളനങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു. പിന്നീട് എട്ട് പൊതുസമ്മേളനങ്ങള്‍ കൂടി നടത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന 1985 ലെ 24-ാമത്തെയും 1996ലെ 25-ാമത്തെയും പൊതുസമ്മേളനങ്ങളും. കാസര്‍കോഡ്, കോഴിക്കോട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് എന്നീ ആറ് പ്രധാന നഗരങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ച് 'സമസ്ത' 2002-ല്‍ പ്ലാറ്റിനം ജൂബിലി 280 സമുചിതമായി ആഘോഷിച്ചു.
വ്യത്യസ്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വിവിധ പോഷകഘടകങ്ങളും രൂപീകരിച്ചു. 1951 സെപ്തംബര്‍ 17-ന് മൗലാനാ അബുല്‍ഹഖ് അബ്ദുല്‍ബാരി മുസ്‌ലിയാരുടെ കാര്‍മികത്വത്തില്‍ വാളക്കുളം പുതുപ്പറമ്പ് ജുമാമസ്ജിദില്‍ നടന്ന ഒരു സുപ്രധാന യോഗത്തില്‍ 33 അംഗ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി രൂപീകൃതമായി. ഇതിലൂടെ പ്രാഥമിക മതവിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് സമസ്ത പ്രവേശിച്ചു. ഇപ്പോള്‍ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലായി 9118(2012 ഫെബ്രുവരി) മദ്‌റസകളും 1108610 വിദ്യാര്‍ത്ഥികളും 84216 അധ്യാപകരും ഉള്‍കൊള്ളുന്ന മഹാപ്രസ്ഥാനമായി വിദ്യാഭ്യാസ ബോര്‍ഡ് വളര്‍ന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ സംഘശക്തിയാണ്. ഈ അധ്യാപക സംഘടനക്ക് കേന്ദ്രകമ്മിറ്റി കൂടാതെ കേരളത്തിലും പുറത്തുമായി 17 ജില്ലാ ഘടകങ്ങളും 403 റൈഞ്ച് കമ്മിറ്റികളുമുണ്ട്.  
1954 ഏപ്രില്‍ 25-ന് താനൂരില്‍വച്ച് സമസ്തയുടെ സമ്മേളനം നടന്നു. യുവജന പ്രസ്ഥാനം രൂപീകരിക്കാന്‍ സമ്മേളനത്തില്‍വെച്ച് തീരുമാനിച്ചു. 1954 ഏപ്രില്‍ 26-ന് കോഴിക്കോട്ടെ അന്‍സാറുല്‍ ഇസ്‌ലാം ഓഫീസില്‍ വെച്ച് സുന്നി യുവജന സംഘം ജന്‍മമെടുത്തത്. ഇപ്പോള്‍ ഈ യുവജന സംഘത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക കമ്മിറ്റികളും നിരവധി ശാഖകളും നിലവിലുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും സംഘടനക്ക് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
സംസ്ഥാനത്തെ മുസ്‌ലിം മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രില്‍ 26ന് ചെമ്മാട് നടന്ന തിരൂര്‍ താലൂക്ക് സമസ്ത സമ്മേളനത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) എന്ന മഹല്ലു സംഘടനക്കു രൂപം കൊടുത്തു. സമസ്തയുടെ ഈ പോഷകവിഭാഗം പ്രത്യേകിച്ച് മഹല്ലുകളെ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കാഴ്ച്ചവെക്കുകയുണ്ടായി. ഇപ്പോള്‍ മഹല്ലുകള്‍ക്ക് അംഗീകാരം നല്‍കി സംഘടന കൂടുതല്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു.
മുസ്‌ലിം വിദ്യാര്‍ത്ഥികളെ സമസ്തക്കുകീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ധര്‍മ്മനിഷ്ഠയുള്ള ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1989 ഫെബ്രുവരി 19-നാണ് സമസ്ത നേതാക്കളുടെ ആഭിമുഖ്യത്തില്‍ എസ്‌കെഎസ്എസ്എഫ്  എന്ന വിദ്യാര്‍ത്ഥി സംഘടന സ്ഥാപിക്കപ്പെടുന്നത്. മികച്ച നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സംഘടന വലിയ വളര്‍ച്ച നേടിയിട്ടുണ്ട്.  
സുന്നി ബാലവേദി, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസപരീക്ഷാ ബോര്‍ഡ്, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍, സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ എന്നീ പോഷക സംഘടനകള്‍കൂടി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
സമുദായത്തിനകത്ത് സമസ്തയുടെ മഹിതമായ സന്ദേശ പ്രചരണം സാധ്യമാക്കുന്നത് നിരവധി പ്രസിദ്ധീകരണങ്ങള്‍ മുഖേനയാണ്. ആദ്യം 1927ല്‍ അറബിമലയാളത്തിലും പിന്നീട് 1954-ല്‍ മലയാളത്തിലും അല്‍ബയാന്‍ മാസിക പ്രസിദ്ധീകരിച്ചു.  1959-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍  'അല്‍മുഅല്ലിം' (ത്രൈമാസിക) പ്രസിദ്ധീകരിച്ചു. 1977-ല്‍ മാസികയായി പുനഃപ്രസിദ്ധീകരിച്ചു. (മലയാളം, കന്നഡ)
'കുരുന്നുകള്‍'(മലയാളം, കന്നഡ), 'സന്തുഷ്ടകുടുംബം' മാസികയും പ്രസിദ്ധീകരിക്കുന്നു. സുന്നി അഫ്കാര്‍ വാരിക, സത്യധാര ദൈ്വവാരിക, തെളിച്ചം മലയാള മാസികയും  'അന്നൂര്‍', 'അന്നഹ്‌ള' അറബി മാസികയും പ്രസിദ്ധീകരിക്കുന്നു.
ഏതൊരു സംഘടനയെയും പോലെ ഭിന്നിപ്പുകള്‍ സമസ്തയുടെ ചരിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്. 60-കളില്‍ തബ്‌ലീഗ് ജമാഅത്തിനെതിരെ സമസ്ത കൈകൊണ്ട തീരുമാനത്തില്‍ പ്രതിഷേധിച്ച് ചില പണ്ഡിതന്മാര്‍ സമസ്ത വിടുകയും അഖിലകേരള ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടനക്ക് രൂപം നല്‍കുകയും ചെയ്തു. ഉച്ചഭാഷിണിയുടെ പേരില്‍ ചിലര്‍ പുറത്ത് പോയിട്ടുണ്ട്.
നിരുത്തരവാദപരമായ ചിലപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ കാന്തപുരം അബൂബക്ര്‍ മുസ്‌ലിയാര്‍ അടക്കം ഏതാനും ചിലര്‍ക്ക് ഈ മഹാപ്രസ്ഥാനത്തില്‍നിന്ന് പുറത്തുപോകേണ്ടിവന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനക്ക് രൂപം നല്‍കി അവര്‍ പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍ അവരിപ്പോഴും സമസ്തയുടെ പേര് ദുരുപയോഗപ്പെടുത്തുന്നത് ഖേദകരമാണ്.
കേരള മുസ്‌ലിംകളില്‍ ഏറ്റവുമധികം സ്വാധീനിവും വിശ്വാസ്യതയും നേടിയ മഹാപ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വികേന്ദ്രീകൃത നേതൃരീതിയില്‍ നിന്ന് കേന്ദ്രീകൃത രീതിയിലേക്ക് കാലെടുത്തു വച്ചു കൊണ്ട് പാരമ്പര്യമായി മുസ്‌ലിം ഉമ്മത്ത് കൈകൊണ്ടിരുന്ന എല്ലാ രീതികളും പൈതൃകവും പരിരക്ഷിക്കുന്ന ഏക ആധികാരിക പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എട്ടരപതിറ്റാണ്ട് വിജയകരമായി പിന്നിട്ടു. 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ സ്ഥാപക പ്രസിഡണ്ടിന്റെ നാമധേയത്തിലുള്ള നഗരിയില്‍ വിപുല പദ്ധതികളോടെ ''സത്യസാക്ഷികളാവുക'' എന്ന പ്രമേയം മുന്‍നിര്‍ത്തി സമ്മേളനം നടത്തുകയാണ്.
-ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍)