2012, ജൂലൈ 12, വ്യാഴാഴ്‌ച

ജിന്നുകള് മുജാഹിദുകളെ എവിടെ എത്തിക്കും? -അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌


www.skssfnews.com

രു നൂറ്റാണ്ട്‌ പോലും പൂര്‍ത്തിയാക്കാതെ മുജാഹിദ്‌ പ്രസ്ഥാനം തകര്‍ന്നേക്കുമോ? 1920-കളില്‍ കേരളത്തില്‍ തുടക്കം കുറിച്ച മുജാഹിദ്‌ പ്രസ്ഥാനം കഴിഞ്ഞ ഒരു ദശാബ്ദമായി കടുത്ത പ്രതിസന്ധി അഭിമുഖീകരിച്ച്‌ വരികയാണ്‌. 2002-ല്‍ സംഘടന നെടുകെ പിളരുകയും രണ്ട്‌ സമാന്തര സംഘടനകളായി പ്രവര്‍ത്തിച്ച്‌ വരികയും ചെയ്യുന്നു. ഔദ്യോഗിക വിഭാഗത്തിന്‌ എ.പി. അബ്ദുല്‍ ഖാദര്‍ മൗലവിയും അബ്ദുര്‍റഹ്‌മാന്‍ സലഫിയും നേതൃത്വം നല്‍കുമ്പോള്‍ മറുവിഭാഗ ത്തിന്‌ ഹുസൈന്‍ മടവൂരും സി.പി. ഉമര്‍ സുല്ലമിയും നേതൃത്വം നല്‍കുന്നു. സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ `സംഘടന തന്നെ ബിദ്‌അത്താ'ണെന്ന്‌ പറഞ്ഞ്‌ മൂന്നാമത്തൊരു ഗ്രൂപ്പ്‌ പ്രവര്‍ത്തിച്ചുവരുന്നു.
ആദര്‍ശപരവും അടിസ്ഥാനപരവുമായ നിരവധി വിഷയങ്ങളില്‍ ഈ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നു. പ്രധാന ഭിന്നത `തൗഹീദില്‍' തന്നെയാണെന്നതാണ്‌ ഏറെ വിചിത്രം. അദൃശ്യമായ നിലയില്‍ അല്ലാഹുവിനോടൊഴികെ മറ്റൊരു വസ്‌തുവിനോടും സഹായം ചോദിച്ച്‌ കൂടെന്നും അത്‌ ശിര്‍ക്കാണെന്നുമായിരുന്നു മുജാഹിദ്‌ പ്രസ്ഥാനം പഠിപ്പിച്ചിരുന്നത്‌. സുന്നി സമൂഹം മഹാത്മക്കളോട്‌ സഹായം ചോദിക്കുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാനുള്ള ഏക അടിത്തറ ഈ വാദമായിരുന്നു. കാരണം, മണ്‍മറഞ്ഞ മഹാത്മാക്കളോട്‌ തീര്‍ത്തും അദൃശ്യവും മറഞ്ഞതും അഭൗതികവുമായ നിലക്കാണല്ലോ സഹായാര്‍ത്ഥന നടത്തുന്നത്‌.
അദൃശ്യമായ നിലയില്‍ അല്ലാഹുവിനോട്‌ മാത്രമേ സഹായം ചോദിക്കാവൂ എന്ന്‌ ഖുര്‍ആനിലോ ഹദീസിലോ സച്ചരിതരായ മുന്‍ഗാമികളുടെ വിശദീകരണങ്ങളിലോ മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന നമ്മുടെ ചോദ്യത്തിന്‌ അവരുടെ പ്രധാന നേതാവ്‌ കെ. ഉമര്‍ മൗലവിയുടെ മറുപടി ഇപ്രകാരമായിരുന്നു: `ഈജിപ്‌തിലെ സയ്യിദ്‌ റശീദ്‌ രിസ പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം മുന്‍ഗാമിയല്ല എന്ന അഭിപ്രായമുണ്ടെങ്കില്‍ പറഞ്ഞ ആളെ നോക്കണ്ട, പറഞ്ഞ വിഷയം നോക്കിയാല്‍ മതി.' 
1935-ല്‍ അന്തരിച്ച പാശ്ചാത്യരുടെ ചാരനെന്ന്‌ ഇസ്‌ലാമിക ലോകം വിധിയെഴുതിയ റശീദ്‌ രിസ മാത്രമാണ്‌ ഇപ്രകാരം പറഞ്ഞതെന്ന്‌ മുജാഹിദ്‌ പണ്ഡിതസഭയുടെ മുന്‍ അദ്ധ്യാക്ഷന്‍ കെ. ഉമര്‍ മൗലവി തുറന്ന്‌ സമ്മതിക്കുന്നതാണ്‌ നാം ഇവിടെ കാണുന്നത്‌. തീര്‍ത്തും നവീനമായ ഒരാശയമാണ്‌ ഇതെന്നര്‍ത്ഥം. 
ജമാലുദ്ദീന്‍ അഫ്‌ഗാനി, മുഹമ്മദ്‌ അബ്ദു, റശീദ്‌ രിസ എന്നിവരില്‍നിന്ന്‌ പ്രചോദനം ഉള്‍കൊണ്ട്‌ പ്രസ്ഥാനത്തിന്‌ രൂപകല്‍പന നല്‍കിയ കേരളത്തിലെ മുജാഹിദുകള്‍ക്കീവാദം പറയാം. കാരണം, അദൃശ്യമായ നിലയില്‍ ഉപകാരവും ഉപദ്രവവും വരുത്തിവെക്കാന്‍ കഴിവുള്ള ജിന്ന്‌, പിശാച്‌, മലക്ക്‌ എന്നീ സൃഷ്‌ടികളെ നിഷേധിക്കുകയോ ഭൗതികമായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നവരാണ്‌ ഈജിപ്‌തിലെ ഉധൃത പണ്ഡിതത്രയങ്ങള്‍.
`ജിന്ന്‌' എന്നതിന്‌ ഉപകാരപ്രദമായ അണുക്കള്‍ എന്നും `മലക്ക്‌' എന്നതിന്‌ ഉപദ്രവകാരികളായ അണുക്കള്‍ എന്നും ഇവര്‍ അര്‍ത്ഥം നല്‍കി. (അല്‍മനാര്‍ പേ. 26)
ഈജിപ്‌തിലെ പണ്ഡിത ത്രയങ്ങളെ നവോത്ഥാന നായകന്മാരായും കിഴക്കുദിച്ച വെള്ളിനക്ഷത്രങ്ങളായും പരിചയപ്പെടുത്തിക്കൊണ്ട്‌ അവരില്‍നിന്ന്‌ ഊര്‍ജ്ജം ഉള്‍കൊണ്ട മുജാഹിദ്‌ പ്രസ്ഥാനം ദീര്‍ഘകാലം ഈ നിലപാട്‌ തുടര്‍ന്നു. 1990-കളില്‍ ഈജിപ്‌തുകാരെ ഒഴിവാക്കി സൗദി സലഫിസത്തിലേക്ക്‌ ചുവട്‌ മാറ്റാനുള്ള തീവ്രശ്രമം സംഘടനക്കുള്ളില്‍ അലയടിച്ചു. 2000 കാലത്ത്‌ ഇത്‌ ശക്തി പ്രാപിച്ചു. ഈജിപ്‌തില്‍നിന്നും സൗദിയിലേക്കുള്ള ഈ ട്രാക്ക്‌ മാറ്റമായിരുന്നു 2002-ല്‍ മുജാഹിദ്‌ പ്രസ്ഥാനത്തെ പിളര്‍ത്തിയത്‌.
സലാം സുല്ലമി, സി.പി. ഉമര്‍ സുല്ലമി, ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുവജനവിഭാഗം അഫ്‌ഗാനി ലൈനില്‍ ഉറച്ച്‌ നിന്നപ്പോള്‍ ഔദ്യോഗിക നേതൃത്വം ഒറ്റയടിക്ക്‌ സൗദി വഹാബിസത്തിലേക്ക്‌ സംഘടനയെ തിരിച്ച്‌ വിടുക തന്നെ ചെയ്‌തു. ഇന്നിപ്പോള്‍ സൗദി സലഫിസത്തെ അന്ധമായി അനുകരിക്കുന്ന ഒരു വിഭാഗമായി അവര്‍ വളര്‍ന്നു കഴിഞ്ഞു. 
തൗഹീദില്‍ മാറ്റം അനിവാര്യംശൈഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്‌ രൂപകല്‍പന നല്‍കിയ സൗദി സലഫിസം ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ അദൃശ്യസൃഷ്‌ടികളെ നിഷേധിക്കുകയോ, ഭൗതികമായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല. പ്രത്യുത ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ അഭൗതിക സൃഷ്‌ടികളുടെ അസ്‌തിത്വം സ്ഥിരീകരിക്കുകയും അദൃശ്യമായ നിലയില്‍ അവര്‍ ഉപകാരവും ഉപദ്രവവും വരുത്തിവെക്കുന്നുവെന്ന്‌ പറയുകയും ചെയ്യുന്നു. മാത്രമല്ല, ജിന്നും, പിശാചും മനുഷ്യന്‌ വരുത്തിവെക്കുന്ന ഉപദ്രവങ്ങളെ പ്രതിരോധിക്കാനും അവര്‍ വരുത്തുന്ന രോഗങ്ങള്‍ക്ക്‌ ശമനം നല്‍കാനും മാത്രം പിഞ്ഞാണത്തിലെഴുതി കുടിക്കല്‍, ജിന്നിനെ അടിച്ചിറക്കല്‍ തുടങ്ങിയ ആത്മീയ ചികിത്സകള്‍ വേണമെന്ന്‌ സിദ്ധാന്തിക്കുകയും ചെയ്യുന്നു. 
അഫ്‌ഗാനീ തൗഹീദ്‌ പ്രകാരം മന്ത്രംപോലുള്ള ആത്മീയ ചികിത്സകള്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായതിനാല്‍ ശുദ്ധമായ `ശിര്‍ക്കാ'ണ.്‌ സൗദി സലഫിസത്തിലേക്ക്‌ ചുവട്‌ മാറ്റം നടത്തുന്നതിന്‌ മുമ്പ്‌ അവര്‍ എഴുതിയത്‌ നോക്കൂ:
`രോഗങ്ങള്‍ക്കും മറ്റ്‌ അവശതകള്‍ക്കും കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുക'' (ഇസ്‌ലാമിന്റെ ജീവന്‍ പേ 47)
``നിങ്ങളുടെ മകള്‍ക്ക്‌ രോഗം ബാധിച്ചു. കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സ നടത്തണം. അലോപതിയും ഹോമിയോപതിയും ആയുര്‍വേദവും യൂനാനിയും പ്രയോഗിച്ച്‌ നോക്കാം. ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ രോഗവും മരുന്നും വിധിച്ച അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുകയും ക്ഷമിക്കുകയും ചെയ്യുക.' (ഇസ്‌ലാമിന്റെ അടിത്തറ തൗഹീദ്‌ പേ. 133) 
സൗദി സലഫിസം അന്ധമായി അനുകരിച്ചശേഷം മന്ത്രം ഉള്‍പ്പെടെയുള്ള ആത്മീയ ചികിത്സകള്‍ ആവാം എന്ന നിലപാട്‌ സ്വീകരിച്ചു. പലപ്രമുഖരും ആത്മീയ ചികിത്സകളെ ഇന്നും ഉള്‍ക്കൊള്ളുന്നില്ലെങ്കിലും വലിയൊരു വിഭാഗം മന്ത്രവും അനുബന്ധ ചികിത്സകളും ആവശ്യമാണെന്ന്‌ പരസ്യമായി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഈ വിഭാഗത്തിലെ ഒരു പ്രമുഖന്‍ എഴുതിയ ലഘുലേഖയില്‍ പറയുന്നു: ``സിഹ്‌റ്‌, പിശാച്‌ ബാധ, കണ്ണേറ്‌ മൂലമുള്ള അസുഖങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും മെഡിക്കല്‍ സയന്‍സ്‌ എത്ര പുരോഗമിച്ചാലും മരുന്നുണ്ടാവില്ല. അതേ സമയം ഖുര്‍ആനിലും ഹദീസിലും വന്ന ദുആകളും ദിക്‌റുകളും മന്ത്രങ്ങളും മാത്രമാണ്‌ ചികിത്സ. (പേ. 1)
മന്ത്രവും ജിന്നിനെ അടിച്ചിറക്കലും ഉള്‍പ്പടെയുള്ള ആത്മീയ ചികിത്സ നടത്തുന്ന ഒരു മുജാഹിദ്‌ മൗലവിയുടെ അടുത്തേക്ക്‌ ഒരു രോഗിയെ പറഞ്ഞയച്ചത്‌ ന്യായീകരിച്ചുകൊണ്ട്‌ പ്രമുഖ മുജാഹിദ്‌ പണ്ഡിതന്‍ ഡോ. സകരിയ്യ സ്വലാഹി പറയുന്നത്‌ കാണുക:
``ജിന്ന്‌ ബാധയുണ്ടെന്ന്‌ ബോധ്യപ്പെട്ട ഒരു വ്യക്തിയോട്‌ ഭൗതിക ചികിത്സകളെല്ലാം നിഷ്‌ഫലമായ ഘട്ടത്തില്‍ ഇയാളുടെ അടുക്കല്‍ പോയി നോക്കാവുന്നതാണെന്ന്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌. പക്ഷെ, ഈ ചികിത്സയെക്കുറിച്ച്‌ നമ്മുടെ പണ്ഡിതന്‍മാര്‍ ഭിന്നാഭിപ്രായക്കാരാണെന്ന്‌ അതോടൊപ്പം അയാളോട്‌ പറയുകയും ചെയ്‌തിട്ടുണ്ട്‌. കെ.ജെ.യു. ഈ വിഷയം ചര്‍ച്ച ചെയ്‌തിട്ടില്ലാത്തതിനാല്‍ ചികിത്സ ഇല്ലെന്ന്‌ പറയുന്നവര്‍ക്ക്‌ അതിനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ ചികിത്സ ഉണ്ടെന്ന്‌ പറയുന്നവര്‍ക്ക്‌ അതിന്‌ സ്വാതന്ത്ര്യമുണ്ടല്ലോ.' (ലഘുലേഖ പേ. 4)
അദൃശ്യം പ്രശ്‌നമാകുന്നു
`ലാഇലാഹ ഇല്ലല്ലാഹ്‌' എന്നതിന്‌ മുജാഹിദുകള്‍ നല്‍കുന്ന അര്‍ത്ഥം ഇപ്രകാരം: ``കാര്യകാരണബന്ധങ്ങള്‍ക്കതീതമായി ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രം''. കാര്യകാരണബന്ധം എന്നതിനുപകരം പല പദങ്ങളും അവര്‍ മാറിമാറി ഉപയോഗിക്കാറുണ്ട്‌. ആദൃശ്യം, മനുഷ്യ കഴിവിനതീതം, മറഞ്ഞ വഴി, അഭൗതിക മാര്‍ഗം എന്നിവയാണാ പദങ്ങള്‍. ഉദാ: `അദൃശ്യമായ നിലയില്‍ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രം.' 
മഹാത്മാക്കള്‍ക്ക്‌ മറഞ്ഞ വഴിക്ക്‌ ഉപകാരം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തെ നേരിടാന്‍ വളരെ `ഫിറ്റാ'യ നിര്‍വ്വചനം തന്നെയാണ്‌ അവര്‍ പടച്ചുണ്ടാക്കിയിരിക്കുന്നത്‌. ഇതു കണ്ടെത്തിയ റശീദ്‌ രിസക്ക്‌ അവാര്‍ഡ്‌ നല്‍കി ആദരിക്കുകതന്നെ വേണം. പക്ഷേ, അതൊക്കെ പഴയകാലം. അല്ലാഹു ഒഴികെ മറ്റൊരു സൃഷ്‌ടിക്കും മറഞ്ഞ വഴിക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയില്ലെന്ന്‌ വിശ്വസിച്ചിരുന്നകാലം. ഇന്ന്‌ കാലം മാറികഥമാറി. ജിന്നിനും പിശാചിനും മലക്കിനും ആദൃശ്യമായ നിലയില്‍ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുമെന്ന്‌ അംഗീകരിക്കേണ്ടിവന്നിരിക്കയാണ്‌. ഇനിയെന്ത്‌ ചെയ്യും?
റശീദ്‌ രിസ തൗഹീദിന്‌ നല്‍കിയ നിര്‍വ്വചനം തുടരുകയാണെങ്കില്‍ വലിയ ക്രമപ്രശ്‌നങ്ങള്‍ ഉയരുന്നു. `അദൃശ്യമായ നിലയില്‍ ഗുണവും ദോഷവും വരുത്താന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രം' എന്ന ആ പഴയ നിര്‍വ്വചനം തുടര്‍ന്നാല്‍ താഴെ പറയുന്ന ചോദ്യങ്ങല്‍ ഉയരുന്നു.
1. ജിന്നിന്‌ മറഞ്ഞ വഴിക്ക്‌ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയില്ലേ?
2. പിശാചിന്‌ മറഞ്ഞ വഴിക്ക്‌ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയില്ലേ?
3. മലക്കുകള്‍ക്ക്‌ മറഞ്ഞ വഴി ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുമല്ലേ?
കഴിയും എന്നാണ്‌ ഉത്തരമെങ്കില്‍ മറഞ്ഞ വഴിക്ക്‌ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രം' എന്ന തൗഹീദിന്റെ നിര്‍വ്വചനം പൊളിഞ്ഞല്ലോ?

ഇനിയെന്ത്‌? 
ഈ കടുത്ത പ്രതിസന്ധിയില്‍നിന്ന്‌ കരകയറാന്‍ മൂന്ന്‌ മാര്‍ഗങ്ങളാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ മുന്നിലുള്ളത്‌. 
1. റശീദ്‌ രിസ ഉണ്ടാക്കിയ ഈ നിര്‍വ്വചനം പിന്‍വലിക്കുക. ഈ മാര്‍ഗം സ്വകീരിച്ചാല്‍ തൗഹീദിന്‌ പുതിയൊരു നിര്‍വ്വചനം ഇനിയും കണ്ടെത്തേണ്ടിവരും. അത്‌ പ്രസ്ഥാനത്തിന്‌ കൂടുതല്‍ പേര്‌ ദോഷം വരുത്തും. തൗഹീദിന്റെ നിര്‍വ്വചനത്തില്‍ അട്ടിമറി നടത്തിയവര്‍ എന്ന്‌ നേരത്തെ ദുഷ്‌പേരുള്ള മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ നിര്‍വ്വചനം പിന്‍വലിച്ച്‌ മറ്റൊരു നിര്‍വ്വചനം കൊണ്ടുവരിക എന്നത്‌ എത്രമാത്രം സാധ്യമാകും എന്ന്‌ കണ്ടറിയണം.
2. പഴയ മാര്‍ഗത്തിലേക്ക്‌ തിരിച്ച്‌ പോവുക. സൗദി സലഫിസം ഒഴിവാക്കി, ജിന്ന്‌- പിശാചുകളെ മാറ്റിനിര്‍ത്തി പഴയ ഈജിപ്‌ഷ്യന്‍ നിലപാടിലേക്ക്‌ മടങ്ങുക. ഇതിന്‌ രണ്ട്‌ ദോഷമുണ്ട്‌. സംഘടനക്കാവശ്യമായ പ്രധാന ഫണ്ടുകളെല്ലാം ലഭിക്കുന്നത്‌ സൗദിയില്‍നിന്നാണ്‌. അഫ്‌ഗാനി, മുഹമ്മദ്‌ അബ്ദു, റശീദ്‌ രിസ എന്നീ ഈജിപ്‌ഷ്യന്‍ പണ്ഡിതന്‍മാരെ കേരള മുജാഹിദുകള്‍ നവോത്ഥാന നായകരായി കാണുന്നുവെങ്കിലും പാശ്ചാത്യരുടെ ചാരന്മാരായാണ്‌ സൗദി സലഫികള്‍ ആ ത്രമൂര്‍ത്തികളെ കാണുന്നത്‌. ആ നിലപാടിലേക്ക്‌ മടങ്ങിയാല്‍ അക്കാര്യം മടവൂര്‍ ഗ്രൂപ്പ്‌ സൗദി സലഫി നേതാക്കളെ അറിയിച്ചേക്കും. അപ്പോള്‍ ഫണ്ട്‌ നിലക്കുമോ എന്ന ആശങ്ക പ്രധാനം തന്നെയാണ്‌. മറ്റൊന്ന്‌, പഴയ നിലപാടിലേക്ക്‌ തിരിച്ചുപോയാല്‍ പലരും അതംഗീകരിക്കില്ല എന്നതാണ്‌ വലിയ പ്രശ്‌നം. ഇനിയുമൊരു പിളര്‍പ്പ്‌ വിളിച്ച്‌ വരുത്തലായിരിക്കും അതിന്റെ അനന്തരഫലം.
3. അവസാന മാര്‍ഗം പഴയ നിര്‍വ്വചനത്തിന്‌ പുതിയ വ്യാഖ്യാനം നല്‍കി പിടിച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുക എന്നതാണ്‌. ആ പരീക്ഷണമാണ്‌ സംഘടന ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. 
അതനുസരിച്ച്‌ `ലാഇലാഹ ഇല്ലല്ലാഹ്‌' എന്നതിന്‌ അദൃശ്യവും അഭൗതികവും കാര്യകാരണ ബന്ധങ്ങള്‍ക്കതീതവും മനുഷ്യകഴിവിനതീതവുമായ നിലയില്‍ ഉപകാരവും ഉപദ്രവവും വരുത്താനുള്ള കഴിവ്‌ അല്ലാഹുവിന്‌ മാത്രം എന്ന നിര്‍വ്വചനം പ്രത്യക്ഷത്തില്‍ അംഗീകരിക്കുക.
നേരത്തെ അദൃശ്യവും അഭൗതികവുമായ കഴിവ്‌ അല്ലാഹുവിന്‌ മാത്രം എന്ന്‌ വിശദീകരിച്ചത്‌ അക്ഷരാര്‍ത്ഥത്തില്‍ നേര്‍ക്ക്‌ നേരെ തന്നെ. ഇപ്പോള്‍ ഒരു വ്യത്യാസം മാത്രം. മനുഷ്യ കഴിവിനതീതം, അദൃശ്യം, അഭൗതികം എന്നെല്ലാം പറഞ്ഞതിന്റെ ഉദ്ദേശ്യം നാം പ്രത്യക്ഷത്തില്‍ മനസ്സിലാക്കുന്ന അര്‍ത്ഥമല്ല. എല്ലാ സൃഷ്‌ടികളുടെയും കഴിവിനപ്പുറമുള്ള കഴിവ്‌' എന്നതാണ്‌ അതുകൊണ്ട്‌ വിവക്ഷിതം. ഇതാണ്‌ പുതിയ വ്യാഖ്യാനം.
അവര്‍ എഴുതുന്നു: മറഞ്ഞ മാര്‍ഗം/അഭൗതിക മാര്‍ഗം എന്ന്‌ പറഞ്ഞാല്‍ കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള മാര്‍ഗം അഥവാ സൃഷ്‌ടികളുടെ കഴിവിനപ്പുറത്തുള്ളത്‌ എന്നാണ്‌ അര്‍ത്ഥം.'' (ഇസ്‌ലാഹ്‌ 2006 ഡി.)
പക്ഷെ, ഈ പുതിയ വ്യാഖ്യാനം സംഘടനയുടെ മുഖപത്രം ഉള്‍പ്പെടെ വിശദീകരിച്ചെങ്കിലും പല നേതാക്കളും പ്രവര്‍ത്തകരും അത്‌ ഉള്‍ക്കൊണ്ടിട്ടില്ല. ഈ വാദത്തിനെതിരെ ഇപ്പോള്‍ പലരും രംഗത്ത്‌ വന്നിരിക്കുന്നു. മനുഷ്യ കഴിവിനതീതം എന്നാല്‍ മനുഷ്യകഴിവില്‍ പെടാത്തത്‌ എന്ന്‌ തന്നെയാണ്‌ അര്‍ത്ഥം. `സൃഷ്‌ടികളുടെ കഴിവിനതീതം' എന്ന പുതിയ വ്യാഖ്യാനം അംഗീകരിക്കാനാവില്ലെന്ന്‌ ഇവര്‍ തറപ്പിച്ച്‌ പറയുന്നു.
ഈ പുതിയ വ്യാഖ്യാനത്തിനെതിരെ ഔദ്യോഗിക ഗ്രൂപ്പിലെ പ്രമുഖന്‍ എഴുതിയ പുസ്‌തകത്തില്‍ പറയുന്നു: 
``സൃഷ്‌ടികളുടെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ക്കാണ്‌ അഭൗതിക കാര്യങ്ങള്‍ എന്നും മറഞ്ഞ കാര്യങ്ങള്‍ എന്നും കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളുമെന്ന സകരിയ്യാ സ്വലാഹിയുടെ പുതിയ നിര്‍വ്വചനം തൗഹീദിന്റെ അടിത്തറ ഇളക്കുന്ന അപകടവാദമാണ്‌.'' (അന്ധവിശ്വാസത്തിലേക്ക്‌ പേ. 15) 
ഈ പുതിയ വ്യാഖ്യാനം സംഘടനയെ പിടിച്ചുലച്ച്‌ കൊണ്ടിരിക്കുകയാണ്‌. ഔദ്യോഗിക നേതൃത്വം ഈ വ്യാഖ്യാനത്തെ തള്ളുകയാണെങ്കില്‍ കഴിഞ്ഞ ആറ്‌ വര്‍ഷം മുജാഹിദ്‌ പ്രസ്ഥാനം പഠിപ്പിച്ച തൗഹീദ്‌ വിശദീകരണ പ്രഭാഷണങ്ങളും പുസ്‌തകങ്ങളും ലേഖനങ്ങളും പിന്‍വലിക്കേണ്ടിവരും.
പിന്‍വലിക്കലല്ല പ്രശ്‌നം. കഴിഞ്ഞ ആറ്‌ വര്‍ഷക്കാലം പഠിപ്പിച്ച തൗഹീദ്‌ തെറ്റായിരുന്നുവെന്ന്‌ പറയുമ്പോള്‍ അണികള്‍ നേതൃത്വത്തെ എങ്ങനെ വിശ്വസിക്കും എന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നു. മാത്രമല്ല, എല്ലാവരും ഇതംഗീകരിക്കുമോ എന്ന പ്രശ്‌നവുമുണ്ട്‌. അതിലേറെ പ്രശ്‌നം ജിന്ന്‌, പിശാച്‌, വിഭാഗങ്ങളുടെ കഴിവിനെ കുറിച്ച്‌ എന്ത്‌ പറയും എന്ന്‌ തീരുമാനിക്കേണ്ടതുമുണ്ട്‌. ഇനിയെന്ത്‌? കാത്തിരുന്ന്‌ കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ