2011, ഡിസംബർ 5, തിങ്കളാഴ്‌ച

സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കണം : SYS


കോഴിക്കോട്‌ : ചാരായ നിരോധന മാതൃകയില്‍ മദ്യം നിരോധിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന്‌ സുന്നിയുവജന സംഘം സംസ്ഥാന ഭാരവാഹകളായ ഹാജി കെ.മമ്മദ്‌ ഫൈസി, പി.പി.മുഹമ്മദ്‌ ഫൈസി, ഉമര്‍ ഫൈസി മുക്കം, അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍, ഒ.അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ.എ.റഹ്‌മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ പുന:സ്ഥാപിച്ചു നല്‍കിയ അധികാരം നല്ലത്‌ തന്നെ. ഇത്‌ വഴി മദ്യശാലകളുടെ പെരുപ്പം നിയന്ത്രിക്കാനാവും. എന്നാല്‍ മദ്യശാലകളും, ബാറുകളും തുടങ്ങാന്‍ ഇപ്പോഴും മുതലാളിമാര്‍ക്ക്‌ സാധ്യമാവുന്ന വകുപ്പുകള്‍ എക്‌സൈസ്‌ വകുപ്പില്‍ നിലനില്‍ക്കുന്നു. സമൂഹത്തെയും വരും തലമുറയെയും നശിപ്പിക്കുന്ന മദ്യം സമ്പൂര്‍ണ്ണമായി നിരോധിക്കുകയാണ്‌ വേണ്ടത്‌. ആവശ്യമായ നിയമനിര്‍മ്മാണം നടത്തി ചാരായ നിരോധന മാതൃകയില്‍ എല്ലാ വിഭാഗം മദ്യവും, ലഹരി വസ്‌തുക്കളും, നിര്‍മ്മാണവും വിതരണവും നിരോധിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം.
പല അറബ്‌ മുസ്‌ലിം രാജ്യങ്ങളിലും ഇത്തരം നിരോധനം നിലവിലുണ്ട്‌. അതിന്റെ ഗുണഫലവും ആ രാജ്യവും, പൗരന്മാരും അനുഭവിക്കുന്നുമുണ്ട്‌. കുറ്റകൃത്യങ്ങള്‍, വാഹന അപകടങ്ങള്‍, കുടുംബ കലഹങ്ങള്‍, സാമ്പത്തിക തകര്‍ച്ച മനുഷ്യ വിഭവ ശേഷിയുടെ പാഴാവല്‍ തുടങ്ങിയ നിരവധി അപകടങ്ങള്‍ ലഹരി ഉപയോഗം നിര്‍ത്തലാക്കുന്നതിലൂടെ ഇല്ലാതാക്കാനാവും. ഇന്ത്യയുടെ യശ്ശസും, സമ്പത്ത്‌ ഘടനയും, സമൂഹ സമ്പത്തും കരുത്താര്‍ജ്ജിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ