2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

സമസ്തയുടെ രാഷ്ട്രീയം Published on Thu, 10/20/2011 - 00:11 ( 1 day 11 hours ago) കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

രാഷ്ട്രീയം അസ്ഥിരമായ സംവിധാനമാണ്. രാഷ്ട്രീയത്തിന് ഇന്നും ഇന്നലെയുമില്ല. നാളെയെന്ന മോഹന സങ്കല്‍പത്തിലാണ് രാഷ്ട്രീയത്തിന്‍െറ ജാതകം നിലകൊള്ളുന്നത്.വര്‍ത്തമാന രാഷ്ട്രീയത്തിന്‍െറ തനിനിറവും കഴിഞ്ഞകാല രാഷ്ട്രീയ ചരിത്രവും നമുക്കുമുന്നില്‍ തെളിഞ്ഞുകിടക്കുന്ന ചതുരംഗപ്പലകയാണ്. ഇതിലൂടെ രാഷ്ട്രീയ കരുക്കള്‍ നീക്കി നേട്ടവും കോട്ടവും അനുഭവിച്ചറിഞ്ഞവര്‍ ഏറെയുണ്ട്. കരുക്കള്‍ നീക്കാനുള്ള സാമര്‍ഥ്യവും സ്വാര്‍ഥതയും ചാണക്യസൂത്രങ്ങളുമാണ് രാഷ്ട്രീയക്കാരന്‍െറ ഭാവിയും വര്‍ത്തമാനവും തിട്ടപ്പെടുത്തുന്നത്. സ്ഥിരവും സ്ഥായിയുമായ ഒരു പ്ളാറ്റ്ഫോമോ ആദര്‍ശമൂല്യമോ സംഹിതയോ രാഷ്ട്രീയക്കാരനില്ളെന്ന നേരറിവില്‍ നിന്നാണ് പ്രബുദ്ധസമൂഹം രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരനെയും പഠിച്ചെടുക്കുന്നത്. സാംസ്കാരിക കേരളത്തിന്‍െറ രാഷ്ട്രീയ ഭൂമികയില്‍ സുനിശ്ചിതവും നിര്‍ണിതവുമായ ആദര്‍ശാവബോധത്തിന്‍െറ ഉള്‍ക്കരുത്തില്‍നിന്ന് രാഷ്ട്രീയം പറഞ്ഞവര്‍ നന്നേചുരുക്കമാണ്. ഗുണഫലത്തെ ആശ്രയിച്ചാണ് രാഷ്ട്രീയബോധവും ചങ്ങാത്തവുമുള്ളത്. സുന്നികളെ സഹായിച്ചവരെ സഹായിക്കുമെന്ന് പറയുന്നത് ഇതിന്‍െറ അടിസ്ഥാനത്തിലാണ്. ഈ നയം തന്നെയാണ് കേരളത്തിലെ രാഷ്ട്രീയക്കാരും ഇന്നോളം കൊണ്ടുനടക്കുന്നത്.  രാഷ്ട്രീയക്കളം മാറിമാറി ചവിട്ടിയ നിരവധി നേതാക്കള്‍ നമുക്കുമുന്നിലുണ്ട്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി വളരാനുള്ള സാഹചര്യം ഒരുക്കുന്നില്ളെങ്കില്‍ മറുകണ്ടം ചാടുന്ന അവസ്ഥയാണ് ഇന്നും രാഷ്ട്രീയ നേതാക്കള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സഹായം നിഷേധിച്ചവരൊക്കെയും നേരത്തേ ശത്രുക്കളായി ഗണിച്ചവര്‍ക്കൊപ്പം ഇലയിടുന്ന കാഴ്ച രാഷ്ട്രീയത്തിന്‍െറ തുടര്‍ക്കഥയാണ്. സുന്നികള്‍ ഇക്കാര്യം പറയുമ്പോള്‍ രാഷ്ട്രീയധര്‍മത്തിനെതിരാവുന്നു എന്ന് പറയുന്നതിലെ ധാര്‍മികതയാണ് മനസ്സിലാവാത്തത്.  രാഷ്ട്രീയമായി മുസ്ലിംകള്‍ക്ക് ഒരുപൊതുവേദി എന്നചിന്തയിലായിരിക്കണം ലീഗ് കോട്ടക്കല്‍ സമ്മേളനം വിളിച്ചുചേര്‍ത്തത്. ഇതില്‍ കേരളത്തിലെ മുഴുവന്‍ മതസംഘടനകളുടെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്ന് പിന്നീടാണ് അറിയുന്നത്. ‘പൊതു പ്ളാറ്റ്ഫോം' കുലുങ്ങാതിരിക്കണമെങ്കില്‍ തങ്ങളെക്കൂടി ക്ഷണിക്കേണ്ടിയിരുന്നു എന്നവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഈ അര്‍ഥത്തിലാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുന്നികളുടെ പിന്തുണ ലീഗിന് ലഭിച്ചുവെന്നും സുന്നികളുമായി ലീഗ്് നല്ലബന്ധത്തിലാണെന്നും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിതന്നെയാണ് പറഞ്ഞത്. സമുദായ ഏകീകരണത്തിനുള്ള ഒരു പ്ളാറ്റ്ഫോമിലേക്ക് ലീഗിന് തിരിച്ചുവരാനുള്ള സഹായമെന്ന നിലക്കാണ് സുന്നികളുടെ പിന്തുണ നല്‍കിയത്. കഴിഞ്ഞകാലസംഭവവും പ്രവര്‍ത്തനവും പുനര്‍വായനക്കു വിധേയമാക്കി സമസ്തയുടെ രാഷ്ട്രീയ ധാര്‍മികതയെ ചോദ്യം ചെയ്യുന്നവര്‍ തങ്ങളുയര്‍ത്തിയ മൂല്യരാഷ്ട്രീയത്തിന്‍െറ പരിണിതഫലത്തെ ബോധപൂര്‍വം വിസ്മരിക്കുന്നു.  ധാര്‍മികമായി രാഷ്ട്രീയത്തെ എത്ര പരിച്ഛേദിച്ചുനിര്‍ത്തിയാലും രാഷ്ട്രീയമെന്ന കാക്കയെ വെളുപ്പിക്കാന്‍ കഴിയില്ളെന്ന് പൊതു പ്ളാറ്റ്ഫോമില്‍ ഇടംതേടാന്‍ കഴിഞ്ഞില്ളെന്ന് വിലപിക്കുന്നവര്‍ക്കുപോലും മനസ്സിലാവുന്ന ലളിതസത്യമാണ്. ഇത് നേരത്തേ മനസ്സിലാക്കിയവരാണ് കേരളത്തിലെ പ്രബുദ്ധരായ മതനേതൃത്വവും പണ്ഡിതരും. സമസ്തകേരള ജംഇയ്യതുല്‍ ഉലമ ദീര്‍ഘദൃഷ്ടിയോടെ തന്നെയാണ് രാഷ്ട്രീയവാസത്തെയും ബന്ധത്തെയുംകുറിച്ച് തീരുമാനമെടുത്തതും ചര്‍ച്ചചെയ്തതും. രാഷ്ട്രീയത്തില്‍ ചിലര്‍ കലക്കുന്ന പാലും പഞ്ചസാരയും എത്രകണ്ട് അപകടകരമാണെന്ന് എഴുപതുകള്‍ക്ക് മുമ്പുതന്നെ സമസ്ത തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമെന്ന കാക്കയെ പാലില്‍മുക്കി വെളുപ്പിച്ചുതരാന്‍ അക്കാലത്ത് സമസ്തയുടെ വാതില്‍ക്കല്‍ നിരവധിപേര്‍ എത്തിയിരുന്നു. ഐക്യബോധത്തിന്‍െറ ധ്വനിയുമായി എത്തിയഅവരോട് നിശ്ചിത അകലം പാലിച്ചതാണ് പിന്നീട് സമസ്തയില്‍ സംഭവിച്ച പ്രശ്നങ്ങള്‍ക്ക് നിമിത്തമായത്. രാഷ്ട്രീയമനസ്സും ആദര്‍ശത്തിന്‍െറ മേലങ്കിയും ധരിച്ച് സമസ്തയെ മൂല്യരാഷ്ട്രീയം പഠിപ്പിക്കാന്‍ എത്തിയവരാണ് പിന്നീട് രാഷ്ട്രീയമായും ആദര്‍ശപരമായും കേരളമുസ്ലിംകളില്‍ ഛിദ്രതയുടെ വിത്തുപാകിയത്. കേരള മുസ്ലിംകള്‍ക്കിടയില്‍ തങ്ങള്‍ക്ക് ആദര്‍ശപരമായി മേല്‍വിലാസം കിട്ടില്ളെന്ന് മനസ്സിലാക്കിയ ഇവര്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിനെ രാഷ്ട്രീയ പരമായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. ലീഗിന്‍െറ മൃദുസമീപനം ഐക്യദാഹികളായി വന്ന അനൈക്യഹൃദയങ്ങള്‍ക്ക് വളരാന്‍ നിമിത്തമായി എന്നതാണ് പില്‍ക്കാല ചരിത്രം.
മുസ്ലിംലീഗില്‍ സ്വാധീനവും ഇടവും കിട്ടിയ ഉല്‍പതിഷ്ണുക്കള്‍ പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ സുന്നി സ്ഥാപനങ്ങളെ അനധികൃതമായി കൈയടക്കാനാണ് ശ്രമിച്ചത്. പാളയത്തെ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ്, ശാദുലി മസ്ജിദ്, പട്ടാളപ്പള്ളി തുടങ്ങി കോഴിക്കോട് നഗരത്തിലും പുറത്തുമായി നിരവധി മസ്ജിദുകളും സ്ഥാപനങ്ങളും വ്യാജരേഖയിലൂടെ അവര്‍ കൈയേറി.  മുസ്ലിംലീഗ് ഏകപക്ഷീയമായി സുന്നി വിരുദ്ധര്‍ക്ക് നല്‍കിവരുന്ന രാഷ്ട്രീയസഹായം സമസ്തയില്‍ ചര്‍ച്ചക്കുവന്നു. പരേതനായ കണ്ണിയത്ത് അഹ്മദ്മുസ്ലിയാര്‍ പ്രസിഡന്‍റും പരേതനായ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്ത് മുസ്ലിംലീഗുമായി സമസ്തക്ക് നല്ല ബന്ധംതന്നെയാണുണ്ടായിരുന്നത്. ലീഗിന്‍െറ തലപ്പത്ത് സുന്നികളായ നേതാക്കളുമുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനസമ്മിതിയാര്‍ന്ന പിന്തുണയും അക്കാലത്ത് ലീഗിനുണ്ടായിരുന്നു.  ഈ അവസ്ഥയിലാണ് വഹാബികളെ ലീഗ് കൈയയച്ച് സഹായിച്ചിരുന്നത്. വളരെ ന്യൂനപക്ഷമായ ഒരുവിഭാഗത്തിന് രാഷ്ട്രീയ സഹായം നല്‍കുന്നതിനെതിരെ  പണ്ഡിതന്മാര്‍ക്കുള്ള പ്രതിഷേധം ലീഗിനെ അറിയിക്കാന്‍ ഒടുവില്‍ സമസ്ത തീരുമാനിക്കുകയായിരുന്നു. അത്തരത്തിലുള്ള ഒരു തീരുമാനത്തിനായിരുന്നു 1979ല്‍ സമസ്തകേരള ജംഇയ്യതുല്‍ ഉലമ അംഗീകാരം നല്‍കിയത്. ലീഗിനോടുള്ള വിരോധമായിരുന്നില്ല തീരുമാനത്തിനുപിന്നില്‍. മറിച്ച്, ലീഗിലൂടെ വഹാബികള്‍ നടത്തുന്ന സുന്നി വിരുദ്ധ നീക്കത്തിനുള്ള മുന്നറിയിപ്പായിരുന്നു. ഈ തീരുമാനം സമസ്തയുടെ ലിഖിതരേഖയും ചരിത്രവുമാണ് എന്നിരിക്കെ, 1979ല്‍ സമസ്ത രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനമെടുത്തുവെന്ന തരത്തിലുള്ള ലേഖനം (കുലുങ്ങുന്ന ‘പൊതു പ്ളാറ്റ്ഫോം’) ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. സത്യത്തെയും യാഥാര്‍ഥ്യത്തെയും തമസ്കരിച്ചും തിരസ്കരിച്ചും ലേഖകന്‍െറ മനോഭാവത്തിന് ആധികാരികത നല്‍കാനുള്ള ശ്രമം എന്നതില്‍കവിഞ്ഞ് മറ്റൊരു സന്ദേശവും കണ്ടെത്തലും ലേഖനത്തിലില്ല. അധികാരരാഷ്ട്രീയത്തിലേക്ക് പാലംപണിയാന്‍ ശ്രമിക്കുന്ന ഒരുസംഘത്തിന്‍െറ രീതിശാസ്ത്രങ്ങളോടൊത്തുള്ള സഹവാസം പകര്‍ന്നുനല്‍കിയ ചില വിചാരങ്ങള്‍ക്ക് പ്രാമാണികത നല്‍കാന്‍ സമസ്തയുടെ തീരുമാനങ്ങളെ അനുചിതമായി ഉപയോഗിച്ചെന്നു മാത്രം.
  ശക്തവും യുക്തവുമായ രാഷ്ട്രീയ തീരുമാനങ്ങളും മതവിഷയത്തിലുള്ള വിധിപ്രസ്താവങ്ങളും സമസ്ത എടുത്തിട്ടുണ്ട്. ‘തെറ്റുകണ്ടാല്‍ തിരുത്തുക, അല്ലാത്തപ്പോള്‍ മൗനം പാലിക്കുക’ എന്ന നയമാണ് എക്കാലത്തും സമസ്ത സ്വീകരിച്ചത്.
പാര്‍ലമെന്‍ററി മോഹം സമസ്തക്കോ സമസ്തയിലെ പ്രബുദ്ധരായ നേതാക്കള്‍ക്കോ ഉണ്ടായിരുന്നില്ല. 1979ല്‍ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഇത്തരത്തിലുള്ള ഒരു പ്രമേയം പാസാക്കിയെന്ന കണ്ടെത്തല്‍ വിചിത്രവും സത്യവിരുദ്ധവുമാണ്. സുന്നി പാര്‍ലമെന്‍റ് ബോര്‍ഡ് രൂപവത്കരിച്ചുവെന്നത് തികച്ചും ഭാവനാസൃഷ്ടിയാണ്. 28.7.79ന് സമസ്തയെടുത്ത രാഷ്ട്രീയ തീരുമാനം ഇപ്രകാരമാണ്: ‘സമസ്ത കേരള ജംഇയ്യതുല്‍  ഉലമയും അതിന്‍െറ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല. എന്നാല്‍, സുന്നത്ത് ജമാഅത്തിനും അതിന്‍െറ സ്ഥാപനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയക്കാരനെയും എതിര്‍ത്ത് പരാജയപ്പെടുത്താന്‍ യുക്തമായ നടപടികള്‍ സാന്ദര്‍ഭികമായി സ്വീകരിക്കും.’
7.10.79ന് ചേര്‍ന്ന മുശാവറ കുറച്ചുകൂടി വ്യക്തമായി സമസ്തയുടെ രാഷ്ട്രീയ നയം വ്യക്തമാക്കുന്ന തീരുമാനമെടുത്തു; ‘സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പില്‍വരുത്തുന്നതിന്‍െറ ഭാഗമായി രാഷ്ട്രീയ നേതാക്കളെ കണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ സുന്നിസ്ഥാനാര്‍ഥികളല്ലാത്തവരെ നിര്‍ത്തരുതെന്ന് ഉണര്‍ത്തുവാന്‍ തീരുമാനിച്ചു.’
29.11.79ന് ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം... ‘ചില സ്ഥലങ്ങളില്‍ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില  തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് അറിവുകിട്ടിയതിന്‍െറ അടിസ്ഥാനത്തില്‍ താഴെ കാണുന്ന പ്രസ്താവന പുറപ്പെടീക്കാന്‍ തീരുമാനിച്ചു.’
‘സമസ്തക്ക് ഒരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രസ്താവിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനങ്ങള്‍ അതില്‍ വഞ്ചിതരാവരുത്..' (രാഷ്ട്രീയ തീരുമാനങ്ങള്‍: സമസ്ത 60ാം വാര്‍ഷിക സുവനീര്‍)
രാഷ്ട്രീയത്തിനും രാഷ്ട്രീയ ബാന്ധവത്തിനുമെതിരെ സമസ്ത മുശാവറ ഇത്തരത്തിലുള്ള തീരുമാനമെടുത്താണ്  രാഷ്ട്രീയവും നിലപാടും വ്യക്തമാക്കിയത് എന്നിരിക്കെ, രാഷ്ട്രീയമായ ഒരു സ്വതന്ത്ര സംവിധാനത്തെക്കുറിച്ച് സമസ്ത ആലോചിച്ചിട്ടുപോലുമില്ലായിരുന്നു.
സുന്നി വിരുദ്ധര്‍ മുസ്ലിംലീഗിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഒരു മുന്നറിയിപ്പ് എന്ന നിലക്കാണ്, ‘സുന്നി സ്ഥാനാര്‍ഥികള്‍' എന്ന ആശയത്തെക്കുറിച്ച് മുശാവറ ചര്‍ച്ച ചെയ്തതും യുക്തമായ നിലപാടെടുത്തതും. സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തിലും ആദര്‍ശത്തിലും അടിയുറച്ചുനിന്നു കൊണ്ടു തന്നെയാണ് സുന്നി പ്രസ്ഥാനം അതിന്‍െറ പ്ളാറ്റ്ഫോം പണിതിരിക്കുന്നത്. അതുകൊണ്ടുതന്നെ, മൂല്യരഹിതസംവിധാനമായ രാഷ്ട്രീയത്തിന്‍െറ പൊതു പ്ളാറ്റ്ഫോമിലേക്ക് സമസ്തയെയോ സുന്നിപ്രസ്ഥാനത്തെയോ പറിച്ചുനടേണ്ട ആവശ്യം വരുന്നില്ല.  സമകാലിക സംഭവവികാസങ്ങള്‍ ക്കൊപ്പം സംവദിക്കാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും സുന്നി പ്രസ്ഥാനം എല്ലാ നിലക്കും പ്രബുദ്ധമാണ്. ചില സംഘടനകള്‍ക്ക് പിറവിയിലുണ്ടായിരുന്ന മൂല്യബോധവും ആദര്‍ശവും രാഷ്ട്രീയ അഭിനിവേശത്തിനുവേണ്ടി വഴിയിലുപേക്ഷിക്കേണ്ട നിസ്സഹായാവസ്ഥ എന്തായാലും സുന്നി പ്രസ്ഥാനത്തിനില്ല. മൗലികവും നിയതവുമായ വിശ്വാസവും ആദര്‍ശവും നെഞ്ചേറ്റിയുള്ള പ്രസ്ഥാനയാത്രയെ പൊതുധാരയെന്ന ഭീഷണി ഉയര്‍ത്തി തടയാനുള്ള ശ്രമവും വിഫലമാണ്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണത്തിനു മുമ്പ് കൈമാറിയ ഒരു സന്ദേശമുണ്ട്. അതാണ് മുസ്ലിംലീഗും സുന്നി പ്രസ്ഥാനവും ഇപ്പോള്‍ കൈയേന്തുന്നത്. ഈ പൊതുപ്ളാറ്റ്ഫോമില്‍ ആരെല്ലാം അണിനിരക്കുന്നുവെന്നതും ആരെയൊക്കെ മാറ്റിനിര്‍ത്തുന്നുവെന്നതും സുന്നി പ്രസ്ഥാനത്തിന്‍െറ ചിന്താവിഷയമേ അല്ല. ഈ പൊതുധാര സുന്നി പ്രസ്ഥാനത്തിനും മുസ്ലിംസമുദായത്തിനും സ്വീകാര്യമാണോ എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ, ലീഗ് പണിയാന്‍ ശ്രമിക്കുന്ന സമുദായ പ്ളാറ്റ്ഫോം കുലുങ്ങുമോ എന്ന ആശങ്ക സമസ്തക്കോ സുന്നികള്‍ക്കോ ഇല്ല. കുലുങ്ങാതിരിക്കാന്‍ ചിലര്‍ നിര്‍ദേശിക്കുന്ന ചുണ്ണാമ്പുവിദ്യക്ക് ഈ പൊതുധാരയില്‍ പ്രസക്തിയുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ