2012, ജനുവരി 27, വെള്ളിയാഴ്‌ച

DYFI കാന്തപുരത്തിന്റെ ശഅറെ മുബാറകിനെതിരെ

കാന്തപുരം എ. പി അബൂബക്കര്‍ മുസലിയാരുടെ ശഅറെ മുബാറക് മസ്ജിദിനെതിരെ ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയായ 'യുവധാര'യില്‍ രൂക്ഷ വിമര്‍ശനം.  നവംബര്‍ മാസത്തെ വാരികയിലാണ് കെ.എം ഫിറോസ് ബാബു വളാഞ്ചേരി ' വിശ്വാസത്തെ വില്‍പ്പനയ്ക്ക് വെക്കുമ്പോള്‍' എന്ന ലേഖനം എഴുതിയത്. ലേഖനത്തില്‍ ആള്‍ദൈവങ്ങളെ പറ്റിയും അന്തവിശ്വാസങ്ങളെ പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. '' പ്രദര്‍ശിപ്പിക്കപ്പെട്ട മുടിയുടെ നീളം ഒന്നര മീറ്ററോളമാണ്. മുറിച്ച മുടി ഒരിക്കലും വളരില്ല. അപ്പോള്‍ പ്രവാചകന്‍ പെണ്ണുങ്ങളെ പോലെ മുടി വളര്‍ത്തിയിരുന്നു എന്നു വേണം മനസിലാക്കാന്‍. ഈ മുടി സൂക്ഷിക്കാന്‍ ഏക്കറു കണക്കിനു ഭൂമിയില്‍ അതിമനോഹരമായ ഒരു സൗധം നിര്‍മിച്ച് എന്തു ലക്ഷ്യമാണ് അതിനു പിന്നിലുള്ളവര്‍ക്ക് നേടാനുള്ളത്? അവിടെയാണ് വിശ്വാസത്തിന്റെ പച്ചയായ വില്‍പ്പന നടക്കുവാന്‍ പോകുന്നത്. പൊന്തി വന്ന ജാറങ്ങളും അവിടുത്തെ സംഭാവനപ്പെട്ടികളും നാട്ടുകവലകളിലെ കച്ചവട കടകളാണെങ്കില്‍ ശഅ്‌റെ മുബാറക് മസ്ജിദ് ഒരു ഷോപ്പിംഗ്മാളാണ്. നവോത്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്‌കരണത്തിന്റെയും ചൂടും ചൂരുമറിഞ്ഞ് വളര്‍ന്ന മലയാളിയുടെ പൊതുബോധത്തെ വെല്ലുവിളിക്കുന്ന അന്ധവിശ്വാസത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുക്കുവാന്‍ പോകുന്ന ഒരു വലിയ ഷോപ്പിംഗ് മാള്‍''- എന്നിങ്ങനെ പോകുന്നു ലേഖനം.അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളെയും വളര്‍ത്തുന്നു എന്നുപറഞ്ഞ് മാധ്യമങ്ങള്‍ക്കുനേരെയും രൂക്ഷമായ വിമര്‍ശനമാണ് ലേഖകന്‍ നടത്തുന്നത്. 
'' ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി കാണുന്ന ഒരാള്‍ക്ക് കേരളത്തില്‍ അമാനുഷിക കഴിവുകളുള്ള ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് തോന്നും. പകലന്തിയോളം പണിയെടുത്ത് കുടംബം പോറ്റുന്ന പച്ച മനുഷ്യര്‍ ഇല്ലാത്ത നാടാണിത് എന്ന് തോന്നുന്ന വിധത്തില്‍ ജില്ലകളും, പ്രദേശങ്ങളും തിരിച്ച് തദ്ദേശീയര്‍ പോലും ശ്രദ്ധിക്കാതെ കിടക്കുന്ന അമാനുഷിക കഥകളുടെ പിന്നാലെ ക്യാമറയും തൂക്കി നടന്ന് മനുഷ്യന്റെ സാധാരണ വിശ്വാസങ്ങളെയും കൂടി വില്‍പ്പനച്ചരക്കാക്കുന്നതില്‍ ഒട്ടുമിക്ക ചാനലുകളും കാണിക്കുന്ന മിടുക്ക് അസഹനീയമാണ്. അദ്ധ്വാനിച്ച് വിയര്‍ക്കാത്തവര്‍ക്ക് വ്യായാമ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം പോലെ മന്ത്രമോതിരങ്ങളും ഏലസുകളും വില്‍ക്കുന്ന സ്‌പോണ്‍സേര്‍ഡ് ഐറ്റംസും ചാനലുകളില്‍ സജീവമാണ്.''- ലേഖനത്തില്‍ പറയുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ പറ്റിയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. 
'' ക്ഷേത്രത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന അമൂല്യശേഖരം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അദ്ധ്വാനിച്ച് സംഭരിച്ചുവെച്ചതല്ല. ഭൂമിയുടെയും, ജനങ്ങളുടെയും യജമാനന്മാരായ രാജാക്കന്മാര്‍ ചുങ്കം ചുമത്തി രാജ്യത്തെ പൗരന്മാരില്‍ നിന്നും വസൂലാക്കിയതും, അമൂല്യസമ്പത്തിന്റെ യഥാര്‍ത്ഥ കൈവശക്കാരില്‍ നിന്നും കയ്യൂക്കിന്റെ ബലത്തില്‍ കവര്‍ന്നെടുത്തതുമാകാമത്. അതൊരു നാടിനാകെ അവകാശപ്പെട്ടതാണ്. സുരക്ഷിതമായ അത് സൂക്ഷിക്കുവാന്‍ കണ്ടെത്തിയ ഖജനാവുമാത്രമാണ് ക്ഷേത്രത്തിന്റെ നിലവറകള്‍. അത് അമ്പലത്തിനുമാത്രം അവകാശപ്പെട്ടതാണെന്നും ധൂര്‍ത്തടിക്കാതെ സൂക്ഷിച്ചുവെച്ചത് രാജകുടുംബത്തിന്റെ മഹത്വമാണെന്നുമുള്ള പ്രിയ പ്രചാരണമാണ് നടക്കുന്നത്. ഫ്യൂഡലിസ്റ്റ് വാഴ്ചയുടെ ദുരിത്തില്‍ നിന്നും മോചിതരായ ഒരു ജനതയുടെ മുമ്പില്‍ ആ വ്യവസ്ഥിതിയെ മഹത്വവല്‍കരിച്ച് നവോത്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന ജനാധിപത്യവിരുദ്ധരാണ് ഈ പ്രചാരണത്തിന്റെ മുന്‍പന്തിയിലുള്ളത്''

എന്നിങ്ങനെപോകുന്നു ഫിറോസ് ബാബുവിന്റെ ലേഖനം. അതേ സമയം ലേഖനത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെയും മാതാ അമൃതാനന്ദമയീ ദേവിയുടെയും ചിത്രങ്ങളുണ്ടെങ്കിലും അവരെ പറ്റി ലേഖനത്തില്‍ പരാമര്‍ശവുമില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ