2011, നവംബർ 9, ബുധനാഴ്‌ച

മത സംഘടനകളെ ലീഗ് ശത്രുക്കളായി കാണുന്നില്ല: കുഞ്ഞാലിക്കുട്ടി

ദോഹ: മതസംഘടനകള്‍ എന്ന് കേട്ടാലുടന്‍ അവയെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന നിലപാട് മുസ്ലിം ലീഗിനില്ളെന്ന് പാര്‍ട്ടി നേതാവും വ്യവസായ മന്ത്രിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. മതസംഘടനകള്‍ രാഷ്ട്രീയത്തില്‍ ദുസ്വാധീനം ചെലുത്തുന്നതായി തനിക്ക് അഭിപ്രായമില്ളെന്നും അവര്‍ അവരുടേതായ അഭിപ്രായം പറയട്ടെയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സ്വകാര്യ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ അദ്ദേഹം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കേരളത്തിലെ ഒന്ന് രണ്ട് ദൃശ്യമാധ്യമങ്ങള്‍ അനുവര്‍ത്തിക്കുന്ന രീതി അനാരോഗ്യകരവും നീതിയും സത്യസന്ധതയുമില്ലാത്തതുമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്ത വസ്തുനിഷ്ഠമായിരിക്കണമെന്നോ 24 മണിക്കൂറെങ്കിലും ആയുസ് വേണമെന്നോ അവര്‍ക്ക് നിര്‍ബന്ധമില്ല. വലിയ സംഭവമാണെന്ന് കരുതി അവര്‍ അവതരിപ്പിക്കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനം തിരിച്ചറിയുന്നുണ്ട്. ഏത് വാര്‍ത്തയും ഏതെങ്കിലും ഒരു ജനവിഭാഗത്തെ ബാധിക്കുന്നതാണെന്ന് ഇക്കൂട്ടര്‍ ഓര്‍ക്കണം. ഇല്ലാത്ത ബോംബ് എന്നുമെന്നും പൊട്ടിക്കുന്ന സ്വഭാവം തനിക്കില്ല. ഉള്ള ബോംബ് ഉചിതമായ സമയത്ത് പൊട്ടിക്കുകയാണ് ചെയ്യുക. താനല്ല എം.എല്‍.എ മാര്‍ക്ക് ഐപാഡ് നല്‍കിയത്. ഇ.ഗവേണന്‍സിന്‍െറ ഭാഗമായി ഐ.ടി വകുപ്പാണ് കൊടുത്തത്. അത് വി.എസ് അച്യുതാനന്ദന്‍ മടക്കി നല്‍കിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. സൗഹൃദപരമായ സമീപനം താന്‍ പുലര്‍ത്തുന്നില്ളെന്നാണ് വി.എസ് പറയുന്നത്. വി.എസ് തന്നോട് കാണിക്കുന്ന സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരാള്‍ക്കെതിരെ എല്ലാ കോടതികളിലും കേസ് നല്‍കുന്ന തരം സൗഹൃദം തനിക്ക് പരിചയമില്ല.
ലീഗിന്‍െറ ശക്തമായ സാന്നിധ്യത്തിലും വളര്‍ച്ചയിലും അസൂയ പൂണ്ട ഒരു കൂട്ടം ശത്രുക്കളാണ് ലീഗിന് ചുറ്റുമുള്ളത്. ലീഗിനെതിരെ രംഗത്ത് വന്ന പാര്‍ട്ടികളുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ചിന്തിക്കണം. ലീഗിന്‍െറ ജനസ്വാധീനം സഹിക്കാനാവാത്തവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ലീഗിന് അവകാശപ്പെട്ട അഞ്ചാം മന്ത്രിസ്ഥാനത്തിന് മുന്നണിയിലെ ആരെങ്കിലും തടസ്സം നില്‍ക്കുന്നതായി തനിക്ക് അഭിപ്രായമില്ല.
പി.സി ജോര്‍ജിന്‍െറയും ഗണേഷ്കുമാറിന്‍െറയും പ്രസ്താവനയെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കുടുതല്‍ എന്തെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും പി.സി ജോര്‍ജിനെ മാത്രം കുറ്റപ്പെടുത്തുന്നവര്‍ വി.എസ് അച്യുതാനന്ദന്‍ ഇക്കാലമത്രയും പറഞ്ഞുകൂട്ടിയത് കാണാതെ പോകുന്നത് ശരിയല്ല. സംസാരത്തില്‍ എല്ലാവരും മാന്യത പുലര്‍ത്തണം. പിറവം ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്‍െറ വിലയിരുത്തലാകുമെന്ന് പറയാനാവില്ല. ആറുമാസം മാത്രം പ്രായമായ സര്‍ക്കാരാണിത്. എങ്കിലും സര്‍ക്കാര്‍ ഇതുവരെ ചെയ്ത നല്ല കാര്യങ്ങളുടെ പ്രതിഫലനം പിറവത്തുണ്ടാകും.
 ജയരാജനെതിരായ കോടതിവിധിയെ പരാമര്‍ശിച്ച്, നിയമവ്യവസ്ഥയെ മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ