2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

തിരുകേശം- മുറിച്ചു മാറ്റിയ മുടി മാലിന്യം (ബോഡിവേസ്റ്റ്) മാത്രം-പിണറായി


മുടിപ്പള്ളിക്കെതിരെ പൊതുസമൂഹം പ്രതികരിക്കണം: നദ്വത്തുല്‍ മുജാഹിദീന്‍

മുടിപ്പള്ളിക്കെതിരെ പൊതുസമൂഹം പ്രതികരിക്കണം: നദ്വത്തുല്‍ മുജാഹിദീന്‍
കോഴിക്കോട്: മതത്തിന്റെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ആര് തുനിഞ്ഞാലും അതിനെ ചോദ്യം ചെയ്യാന്‍ ഏത് പൗരനും അവകാശമുണ്ടെന്ന് നദ്വത്തുല്‍ മുജാഹിദീന്‍ . മുടിപ്പള്ളി തട്ടിപ്പിനെതിരെ ഉയര്‍ന്നു വരുന്ന പ്രസ്താവനകള്‍ അഭിനന്ദനാര്‍ഹമാണെന്നും ആത്മീയതയുടെ പേരിലുള്ള എല്ലാ ചൂഷണങ്ങളെയും എതിര്‍ക്കാന്‍ എല്ലാവരും തയാറാകണമെന്നും നദ്വത്തുല്‍ മുജാഹിദീന്‍ നേതാക്കളായ ഹുസൈന്‍ മടവൂര്‍, സി.പി. ഉമ്മര്‍സുല്ലമി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആത്മീയ വാണിഭത്തെ വര്‍ഗ്ഗീയതയുമായി കൂട്ടിക്കുഴച്ച് യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള കുത്സിത ശ്രമങ്ങളെ ഒറ്റക്കെട്ടായി വിശ്വാസികള്‍ ചെറുത്തു തോല്‍പിക്കണമെന്നും അവര്‍ വ്യക്തമാക്കി.
പ്രവാചകന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചതിന് ചരിത്രപരമായി യാതൊരു തെളിവുമില്ലെന്നിരിക്കെ, തിരുകേശത്തിന്റെ പേരില്‍ പുണ്യം വിറ്റ് കാശാക്കുകയും അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ തെറ്റായ നടപടിക്കെതിരെ രംഗത്തു വരുന്ന ആരുമായും സഹകരിക്കാന്‍ വിശ്വാസികള്‍ തയാറാവണം.
തിരുകേശം കത്തുകയില്ലെന്ന വാദത്തിന് ഇസ്ലാമികമായി യാതൊരു അടിത്തറയുമില്ല. കത്തിയാലും ഇല്ലെങ്കിലും തിരുകേശം മുക്കിയ വെള്ളം പുണ്യത്തിന്റെ പേരില്‍ വിറ്റ് കാശാക്കുന്നത് അനിസ്ലാമികമാണ്. മാത്രമല്ല, കേശം സൂക്ഷിക്കാനെന്ന പേരില്‍ പള്ളി പണിയുന്നത് ഇസ്ലാമില്‍ ഇക്കാലമത്രയും ഉണ്ടായിട്ടില്ലെന്നും കെ.എന്‍.എം നേതാക്കള്‍ അറിയിച്ചു.


തിരുകേശം:എല്ലാവര്‍ക്കും അഭിപ്രായം പറയാം -ആരിഫലി

കോഴിക്കോട്: തിരുകേശ വിവാദം തെരുവിലേക്ക് വലിച്ചിട്ടശേഷം ഇതിനെക്കുറിച്ച് രാഷ്ട്രീയ സംഘടനകളും നേതാക്കളും അഭിപ്രായം പറയരുതെന്ന് ശഠിക്കുന്നത് അന്യായമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. വിശ്വാസികളുടെ ആഭ്യന്തര പ്രശ്നമാണിതെങ്കില്‍ അത് കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത പാലിക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ 'മുഹമ്മദ് നബി ജീവിതവും സന്ദേശവും' എന്ന വിഷയത്തില്‍ നടന്ന സംസ്ഥാന കാമ്പയിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരിഫലി. ഇസ്ലാം മതത്തെക്കുറിച്ച് മതത്തിനു പുറത്തുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയുന്നത് പ്രവാചകന്‍ പറഞ്ഞ തത്വങ്ങള്‍ക്കെതിരാണ്. മതത്തെക്കുറിച്ച് രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയത്തെക്കുറിച്ച് മതനേതാക്കള്‍ക്കും അഭിപ്രായം പറയാം. രണ്ട് മേഖലകളിലും അപചയവും മൂല്യച്യുതിയുമുണ്ടാവുമ്പോള്‍ പരസ്പരം വിമര്‍ശിക്കാം. ഈ വിഷയത്തില്‍ കേരളീയ സമൂഹം പക്വതയുള്ള സമീപനത്തിലേക്ക് തിരിച്ചുവരണം. മതവും രാഷ്ട്രീയവും വെള്ളം ചേരാത്ത രണ്ട് അറകളിലുള്ള കാര്യങ്ങളാണെന്ന് മനസ്സിലാക്കരുത്.
മതചിഹ്നങ്ങളുടെയും അടയാളങ്ങളുടെയും കച്ചവടവത്കരണവും ദുരുപയോഗവും എതിര്‍ക്കുകയും മത-ധാര്‍മിക മൂല്യങ്ങളെ രാഷ്ട്രത്തിന്റെ അസ്ഥിവാരം ശക്തിപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും വേണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ് ആട്ടിയകറ്റുന്ന കാലം കഴിഞ്ഞുപോയി. മതങ്ങളും മതദര്‍ശനങ്ങളും സമൂഹത്തില്‍ കൂടുതല്‍ ഇടം നേടിയിട്ടുണ്ട്. മതങ്ങളെ അംഗീകരിച്ച് ഇടം നല്‍കാനാണ് ശ്രമിക്കേണ്ടത്. ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്വാധീനിച്ച യുഗപ്രഭാവനായിരുന്നു മുഹമ്മദ് നബി-അദ്ദേഹം പറഞ്ഞു.
ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. ജമാലുദ്ദീന്‍ ഫാറൂഖി, എം.ജി.എസ്. നാരായണന്‍, പി. സുരേന്ദ്രന്‍, ഒ. അബ്ദുറഹിമാന്‍, ഖാലിദ് മൂസ നദ്വി, മുജീബ്റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ടി.എം. ശരീഫ് സ്വാഗതവും അബ്ദുല്‍മജീദ് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ