2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ഐക്യസന്ദേശമാണ്‌ സമസ്‌തയുടെ മുഖമുദ്ര : കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍




സമസ്‌ത സന്ദേശ യാത്ര സമാപിച്ചു
കാസര്‍ഗോഡ്‌ : മുസ്‌ലിം സമൂഹത്തിന്റെ സകല നവോത്ഥാനങ്ങളും സാധിക്കേണ്ടത്‌ ആദര്‍ശാഐക്യത്തിലൂടെയാവണമെന്നും ചുമതലാ ബോധിമില്ലാത്ത ഒരു ജനതക്കും സമൂഹത്തിലിടപെടാനാവില്ലെന്നും സമസ്‌ത സന്ദേശയാത്രാ നായകന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. സമസ്‌ത സന്ദേശയാത്രക്ക്‌ ചെര്‍ക്കളയില്‍ നല്‍കിയ വമ്പിച്ച സ്വീകരണത്തിന്ന്‌ നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പള്ളികളും, മദ്‌റസകളും, മത സ്ഥാപനങ്ങളും, മത സംഘടനകളും ഐക്യത്തിന്റെ പ്രതിബിംഭങ്ങളാണ്‌. എന്നാല്‍ ഈ സംവിധാനങ്ങളെ ഭിന്നിപ്പിന്റെ കേന്ദ്രങ്ങളാക്കാന്‍ എല്ലാ ഘട്ടങ്ങളിലും ശ്രമങ്ങള്‍ ഉണ്ടായതായി ചരിത്രം പറയുന്നുണ്ട്‌. ഇത്തരം സാഹചര്യം കേരളത്തിലുദയം ചെയ്‌തപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ മതപരവും ഭൗതികവുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാത്വികരായ പണ്ഡിതരും, സാദാത്തുക്കളും 1926ല്‍ രൂപീകരിച്ചതാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ. എട്ടര പതിറ്റാണ്ടിന്റെ സമസ്‌തയുടെ പ്രധാന സംഭാവന മുസ്‌ലിം സമൂദായത്തെ ഛിദ്രതയില്‍ നിന്ന്‌ രക്ഷിക്കാനായതാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സ്വീകരണ യോഗത്തില്‍ ടി.കെ.എം. ബാവ മുസ്‌ലിയാര്‍, ത്വാഖ അഹമ്മദ്‌ മുസ്‌ലിയാര്‍ , ചെര്‍ക്കളം അബ്‌ദുള്ള സാഹിബ്‌, കുമ്പള ഖാസിം മുസ്‌ലിയാര്‍ , യു.എം. അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ , സൈനുല്‍ ആബിദീന്‍ തങ്ങള്‍ , പി.പി. ഉമര്‍ മുസ്‌ലിയാര്‍ , എം.ടി. അബ്‌ദുള്ള മുസ്‌ലിയാര്‍ , പി.പി. മുഹമ്മദ്‌ ഫൈസി, അബ്‌ദുറഹിമാന്‍ കല്ലായി, ഹാജി കെ.മമ്മദ്‌ ഫൈസി, അഹമ്മദ്‌ മുസ്‌ലിയാര്‍ മാണിയൂര്‍ , ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , എം. അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ മെട്രോ മുഹമ്മദ്‌ ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, ഖത്തര്‍ അബ്‌ദുല്ല ഹാജി, ഹാജി മൊയ്‌തീനബ്ബ സാഹിബ്‌, കെ.കെ.എസ്‌. തങ്ങള്‍ വെട്ടിച്ചിറ, മൂസ ഹാജി കാടാമ്പുഴ, എസ്‌.കെ.ഹംസ ഹാജി, പാലത്തായി മൊയ്‌തു ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. 2012 ജനുവരി 23 കന്യാകുമാരിയില്‍ നിന്നാരംഭിച്ച സമസ്‌ത സന്ദേശയാത്ര 62 സ്വീകരണ സമ്മേളനങ്ങളില്‍ സംബന്ധിച്ച്‌ ഇന്നലെ മംഗലാപുരത്ത്‌ വന്‍ സമ്മേളനത്തോടെ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ വന്‍ ജനാവലി തടിച്ചു കൂടിയിരുന്നു. രാഷ്‌ട്രീയ സാമൂഹിക - സാംസ്‌കാരിക നായകന്മാര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. 85 യൂണിഫോം ധാരികളായ വളണ്ടിയര്‍മാരുടെ അകമ്പടിയോടെയാണ്‌ എല്ലാ ജില്ലകളിലും ജാഥയെ വരവേറ്റത്‌. നൂറ്‌ കണക്കായ വാഹനങ്ങളും ജാഥയെ അനുയാത്ര ചെയ്‌തു.
നാളിതുവരെയുള്ള കേരള ചരിത്രത്തില്‍ വേറിട്ടതും, വ്യത്യസ്‌തമായതുമായ ചരിത്ര സംഭവമായിരുന്നു സന്ദേശയാത്ര. 2012 ജനുവരി 21ന്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ ജാഥാ നായകന്‌ പതാക കൈമാറുകയും 23ന്‌ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ കന്യാകുമാരിയില്‍ ജാഥ ഉല്‍ഘാടനം ചെയ്യുകയും ചെയ്‌തു. മൂന്ന്‌ സംസ്ഥാനങ്ങളിലെ 17 ജില്ലകളിലാണ്‌ സന്ദേശയാത്ര പര്യടനം നടത്തിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ