2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

പിണറായിക്ക് മിണ്ടാന്‍ അവകാശമില്ലെന്ന് കാന്തപുരം മരാകസിലെ കേശത്തിന് 'തീ' പിടിക്കുന്നു


 തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധികാരമില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ  പി അബൂബക്കര്‍ മുസ്‌ലിയാര്‍. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതയ്ക്കു കാരണമാകുമെന്നാണ് കാന്തപുരത്തിന്റെ കണ്ടെത്തല്‍. പ്രശ്‌നത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. തിരുകേശ വിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തിരുകേശം സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ ഒരു ചെറിയ വിഭാഗത്തിന് ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. മുമ്പും പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇത് രാഷ്ട്രീയക്കാര്‍ നോക്കേണ്ടതില്ല.  രാഷ്ട്രീയക്കാരുമായി ഇത് ചര്‍ച്ചചെയ്യേണ്ടതില്ല.
രാഷ്ട്രീയ ശ്രദ്ധ കിട്ടാനാണോ പിണറായി ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഇസ്‌ലാം മതത്തെക്കുറിച്ച് പറയാന്‍ മറ്റ് മതവിശ്വാസികള്‍ക്ക് അധികാരമില്ലെന്നും കാന്തപുരം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. എല്ലാ പാര്‍ട്ടിയും ഞങ്ങള്‍ക്ക് ഒരുപോലെയാണ്. തങ്ങള്‍ ഒരിക്കലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നിന്നിട്ടില്ല. ഇനി നില്‍ക്കുകയില്ലെന്നും കാന്തപുരം പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി  കഴിഞ്ഞദിവസം നാദാപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് പിണറായി വിജയന്‍ തിരുകേശത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
''മുടിയുടെ പേരിലും തര്‍ക്കമാണിപ്പോള്‍. മുടി കത്തിച്ചാല്‍ കത്തുന്നതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതിന്റെ പേരിലും വലിയ തര്‍ക്കം നടക്കുന്നു. മുടി കത്തുമെന്ന് ഒരു കൂട്ടര്‍. കത്തില്ലെന്നു മറ്റൊരു കൂട്ടരും. വിവാദങ്ങള്‍ ഈ തരത്തിലാണ് ഉയരുന്നത്. പരിമിതമായ യുക്തിബോധം പോലും തകര്‍ത്തെറിയുന്ന സ്ഥിതിയാണുള്ളതെന്നും ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നുമാണ്'' പിണറായി പറഞ്ഞത്. ഇതിനു മറുപടിയെന്നോണമാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രതികരിച്ചത്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണം നടത്താനും ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇടയാളരില്ലാതെ നേരിട്ട് ഇടപെടാനും തിരുവനന്തപുരത്ത് സമാപിച്ച സി പി എം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണമാണ് അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കെതിരെ പാര്‍ട്ടി സെക്രട്ടറി വിമര്‍ശം ഉന്നയിച്ചത്. എന്നാല്‍ മതത്തിന്റെ പേരില്‍ ആത്മീയ വാണിഭം നടത്തുന്ന കേന്ദ്രങ്ങള്‍ക്ക് ഇത് തീരെ ദഹിച്ചിട്ടില്ല. പൊതുവെ ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന കാന്തപുരം സുന്നികള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുവിരുദ്ധ സമീപനമാണ് സ്വീകരിച്ചിരുന്നത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് അഡ്വ. പി ടി എ റഹീം, മലപ്പുറം ജില്ലയിലെ തവനൂരില്‍ ഡോ. കെ ടി ജലീല്‍ എന്നീ ഇടത് സ്ഥാനാര്‍ഥികള്‍ക്കു മാത്രമാണ് കാന്തപുരം വിഭാഗത്തിന്റെ വോട്ടുകള്‍ രാഷ്ട്രീയത്തിന് അതീതമായി പൂര്‍ണമായും ലഭിച്ചത്. മലബാറിലെ പല മണ്ഡലങ്ങളിലെയും ഇടത് സ്ഥാനാര്‍ഥികള്‍ക്കെതിരെ തങ്ങളുടെ സ്വാര്‍ഥ താത്പര്യ സംരക്ഷണാര്‍ഥം കാന്തപുരം വിഭാഗം രഹസ്യ നീക്കവും നടത്തിയിരുന്നു. ഇക്കാര്യം ഇടത് നേതൃത്വത്തെ, പ്രത്യേകിച്ചും സി പി എം കേന്ദ്രങ്ങളെ ഏറെ ചൊടിപ്പിച്ചിരുന്നു. പിണറായിയ്ക്കു മറുപടിയായുള്ള കാന്തപുരത്തിന്റെ പുതിയ പ്രസ്താവനയ്ക്ക് ആ നിലയ്ക്കും രാഷ്ട്രീയമാനങ്ങളുണ്ട്. എന്നാല്‍ കാന്തപുരത്തിന്റെ പ്രസ്താവനയോട് പിണറായി പിന്നീട് പ്രതികരിച്ചിട്ടില്ല. ഇത് കാന്തപുരം വിഭാഗം യു ഡി എഫ് കേന്ദ്രങ്ങളെ സമീപിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം തടയുന്നതിന്റെ ഭാഗമാണെന്നും നിരീക്ഷണമുണ്ട്. ഏതായാലും വൈകിയെങ്കിലും സി പി എം അന്ധവിശ്വാസ കേന്ദ്രങ്ങള്‍ക്കെതിരെ രംഗത്തുവന്നത് പാര്‍ട്ടിയുടെ നിലപാടിന് കൂടുതല്‍ സ്വീകാര്യത നല്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കു തീര്‍ത്തും കടകവിരുദ്ധമാണ് മുടിപ്പള്ളി പ്രചാരണമെന്നിരിക്കെ, ഇതിന് മതത്തിന്റെ പന്‍ബലം നല്കാനാണ് തീവ്ര മത യാഥാസ്ഥിതിക കേന്ദ്രങ്ങളുടെ ശ്രമം. മുടിപ്പള്ളിക്കെതിരെ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളില്‍നിന്നും സുന്നികളില്‍ തന്നെ ഒരു വിഭാഗത്തില്‍നിന്നും ശക്തമായ വിമര്‍ശമാണ് ഉയര്‍ന്നത്. ഈ വിഷയത്തില്‍ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍നിന്നും മറ്റും കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ